‘വെല്ലുവിളിയ്ക്കു മുന്നില്‍ പ്രതിമപോലെ നിസ്സഹായമായി നില്‍ക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്, ആര് എതിര്‍ത്താലും കിഫ്ബിയുടെ വികസന പദ്ധതികള്‍ ഉപേക്ഷിക്കില്ല’; മുഖ്യമന്ത്രി

kiifb

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്റെയും ജനങ്ങളുടെയും ശത്രുക്കളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ് അവര്‍. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ആര് എതിര്‍ത്താലും കിഫ്ബിയുടെ വികസന പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ കിഫ്ബി വഴി നടപ്പാക്കുന്നത്. ഈ നേട്ടങ്ങള്‍ കിഫ്ബിയുടെ സാധ്യത നാടിനുവേണ്ടി ഉപയോഗിച്ചതിന്റെ ഫലമായി ഉണ്ടായതാണ്. ഇതിനെയാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനേയും വികസനത്തേയും അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. സര്‍ക്കാരിനെ തകര്‍ക്കാന്‍ സിഎജിയും കൂട്ടു നില്‍ക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. പ്രതിപക്ഷനേതാവ് എതിര്‍ത്താലും അദ്ദേഹത്തിന്റെ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. ഒരു പ്രതിപക്ഷ എംഎല്‍എയുടെയും മണ്ഡലത്തിലെ ഒരു കിഫ്ബി പദ്ധതിയും ഉപേക്ഷിക്കില്ല. കാരണം ഈ നാടിനുവേണ്ടിയുള്ള പദ്ധതികളാണത്. ഞങ്ങള്‍ ഈ നാടിനെയും ജനങ്ങളെയുമാണ് കാണുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതികൂലാവസ്ഥയുടെയും വെല്ലുവിളിയ്ക്കു മുന്നില്‍ പ്രതിമപോലെ നിസ്സഹായമായി നില്‍ക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഈ നാട് തളര്‍ന്നുപോകരുത്. ഇവിടെ വളര്‍ച്ച മുരടിക്കരുത്. വികസനം സാധ്യമാകണം. അതിനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകര്‍ക്കാന്‍ ഏതു ശക്തിവന്നാലും ചെറുക്കുക തന്നെ ചെയ്യും. അത് ഈ നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version