ശബരിമലയില്‍ പ്രതിദിനം പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണം; സര്‍ക്കാരിന് കത്ത് നല്‍കി ദേവസ്വം ബോര്‍ഡ്

sabarimala

തിരുവനന്തപുരം: ശബരിമലയില്‍ പ്രതിദിനം പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ്. ഇക്കാര്യം വ്യക്തമാക്കി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കി. സാമൂഹിക അകലം പാലിച്ച് ശബരിമലയില്‍ പ്രതിദിനം പതിനായിരം പേര്‍ക്ക് ദര്‍ശനം നല്‍കാന്‍ സാധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 1000 ഭക്തരെ പ്രവേശിപ്പിക്കാം എന്നായിരുന്നു തീരുമാനം. എന്നാല്‍ നിലവില്‍ അത്രയും പോലും ആളുകള്‍ എത്തുന്നില്ല. ബുക്ക് ചെയ്ത പലരും വരാതിരിക്കുമ്പോഴും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര് ദര്‍ശനത്തിന് അനുമതി തേടി ബോര്‍ഡിനെ സമീപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ശബരിമലയില്‍ ഇപ്പോള്‍ ഭക്തജനസാന്നിധ്യം ഉള്ളതായി പോലും തോന്നുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. സാധാരണ മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിന വരുമാനം കോടികള്‍ കടക്കുമ്പോള്‍ ഇത്തവണ 10 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവാതെ ഈ സാഹചര്യം മാറില്ല. അതിനാലാണ് സര്‍ക്കാരിന് കത്ത് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version