വികെ ഇബ്രാഹിം കുഞ്ഞിന് അര്‍ബുദം; 19-ാം തീയതി കീമോ ചെയ്തു, അടുത്തത് ഡിസംബര്‍ മൂന്നിന്, തുടര്‍ ചികിത്സ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

VK Ibrahim kunju medical report

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് അര്‍ബുദമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ 19-ാം തീയതി കീമോ ചെയ്തതായും തുടര്‍ ചികിത്സ അനിവാര്യമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സീല്‍ഡ് കവറില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി തുറന്നു പരിശോധിച്ചു. ഇബ്രാഹിം കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടുത്ത കീമോ ഡിസംബര്‍ മൂന്നിനാണ് തീരുമാനിച്ചിരിക്കുന്നത്. കീമോ തെറാപ്പി ചെയ്തതുമൂലം ആരോഗ്യ സ്ഥിതിയിലും പ്രതിരോധ ശേഷിയിലും പ്രശ്നങ്ങളുണ്ട്. ചോദ്യം ചെയ്യാനൊ മറ്റോ മറ്റ് ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ അണുബാധയുണ്ടാകാനുള്ള സാഹചര്യം ഉണ്ടെന്നും, ബോണ്‍മാരോ അടക്കമുള്ള പ്രശ്നങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഇബ്രാഹിം കുഞ്ഞിനെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്ന് അറിയിച്ചു. നാല് ദിവസത്തെ കസ്റ്റഡിയാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് കസ്റ്റഡിയില്‍ വിട്ട് നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Exit mobile version