പത്തനാപുരം: ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. പത്തനാപുരത്ത് നിന്ന് ബേക്കല്‍ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ.യുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രതി പ്രദീപ്കുമാര്‍ കോട്ടത്തല.പ്രദീപ് കുമാര്‍ കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് കേസ് തീര്‍പ്പാക്കിയത്.
മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന് ജോലി ചെയ്യുന്ന കാസര്‍കോട് ജുവലറിയിലേക്കെത്തി.
അവിടെ വെച്ച് അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു. തുടര്‍ന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post