തിരുവനന്തപുരം: കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്പ് ഇതുസംബന്ധിച്ച പ്രത്യേക നടപടിക്രമം (Standard Operating Procedure- SOP) തയ്യാറാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്.ഒ.പി തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. നിയമ ഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണം.
പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.