ന്യൂഡൽഹി: സൈബർ ഇടങ്ങളിൽ വ്യക്തികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ തടയാനായി കേരളത്തിലെ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമം തന്നെ ഞെട്ടിച്ചുവെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. രമേശ് ചെന്നിത്തലയെ കേസിൽ പ്രതിയാക്കാനുള്ള നീക്കത്തെയും ചിദംബരം വിമർശിച്ചു. ഇത്തരം നീക്കങ്ങളെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആരാഞ്ഞു.
”സൈബർ ഇടങ്ങളിൽ ‘ആക്ഷേപകരമായ’ പോസ്റ്റ് ഇടുന്നതിന് അഞ്ച് വർഷം തടവ് വിധിക്കുന്ന നിയമം കേരളത്തിലെ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നത് തന്നെ ഞെട്ടിച്ചിരിക്കുകയാണ്.”- ചിദംബരത്തിന്റെ ഒരു ട്വീറ്റിങ്ങനെ.
നാല് തവണ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയ കേസിലാണ് രമേശ് ചെന്നിത്തലയെ പ്രതിയാക്കാൻ ശ്രമം നടക്കുന്നത് എന്നതും ഞെട്ടിക്കുന്നതാണ്. ഇത്തരം ക്രൂരമായ നീക്കങ്ങളെ പ്രതിരോധിക്കാൻ എന്റെ സുഹൃത്തും സിപിഎം ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് എങ്ങിനെ സാധിക്കും- മറ്റൊരു കുറിപ്പിൽ ചിദംബരം ചോദിച്ചു.
Shocked by the law made by the LDF government of Kerala making a so-called ‘offensive’ post on social media punishable by 5 years in prison
— P. Chidambaram (@PChidambaram_IN) November 22, 2020
സൈബർ സ്‌പെയ്‌സിലൂടെ വ്യക്തികൾക്ക് അപമാനകരമായ രീതിയിൽ പ്രചാരണം നടത്തിയാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും വിധമാണ് കേരള സർക്കാർ പോലീസ് ആക്ട് ഭേദഗതി ചെയ്തത്. ചട്ട ഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിലായി. ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങി.