തിരുവനന്തപുരം: സൈബർ ലോകത്തെ സ്ത്രീകൾക്ക് എതിരെയുള്ള അപകീർത്തി പ്രചാരണങ്ങൾ തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവന്ന പോലീസ് ആക്ട് ഭേദഗതി നിയമമായി. കേസിൽ പോലീസിന് അമിതാധികാരം നൽകുന്ന പോലീസ് ആക്ട് ഭേദഗതിയിൽ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തിൽ വന്നു.
വ്യക്തികൾക്ക് അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കും വിധമാണ് ഭേദഗതി.’വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ ലക്ഷ്യമിട്ട് ഉള്ളടക്കം നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ’ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിൽ ഉൾക്കൊള്ളിച്ചത്. നിയമം പ്രാബല്യത്തിലായത് സംബന്ധിച്ച് വിജ്ഞാപനവും പുറത്തിറക്കി.
വിജ്ഞാപനത്തിൽ എല്ലാ തരം മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്. ഇതുപ്രകാരം എത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. സൈബർ മീഡിയ എന്ന് പ്രത്യേക പരാമർശമില്ല. അതേസമയം. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് തന്നെ കൂച്ചുവിലങ്ങിടാൻ ഇടയാക്കുമെന്നാണ് പ്രതിപക്ഷവും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
ഇനിമുതൽ സൈബർ പോലീസിനല്ലാതെ കേരളാ പോലീസിന് തന്നെ നേരിട്ട് സോഷ്യൽമീഡിയയിലെ അധിക്ഷേപങ്ങളിൽ കേസെടുക്കാം. വ്യക്തികൾക്ക് നേരെയുള്ള അധിക്ഷേപത്തിൽ വാറന്റില്ലാതെതന്നെ അറസ്റ്റ് ചെയ്യാനും ഇനി പോലീസിന് സാധിക്കും. പോലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി. സ്ത്രീകൾക്കെതിരായ സൈബർ അതിക്രമം ചെറുക്കാൻ പര്യാപ്തമായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേദഗതിയെന്നാണ് ഔദ്യോഗിക വിശദീകരണം.
2000ലെ ഐടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കണ്ട് നേരത്തേ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
Discussion about this post