കൊച്ചി: ‘അമ്മ’യുടെ വൈസ് ചെയര്‍മാനാകുവാന്‍ യോഗ്യതയുള്ള നടിയാണ് പാര്‍വതിയെന്ന് നടന്‍ ബാബുരാജ്. പാര്‍വതിയുടെ രാജി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തോടായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ സംഘടനയില്‍ നിന്നും പുറത്ത് നില്‍ക്കുന്നവര്‍ കഴിവുള്ളവരാണെന്നും ബാബുരാജ് പറഞ്ഞു.
സംഘടനയില്‍ നിന്നും രാജിവെയ്ക്കുന്നതും പുറത്താക്കുന്നതും ശരിയായ കീഴ്വഴക്കമല്ല. ഇപ്പോള്‍ സംഘടനയില്‍ നിന്നും പുറത്ത് നില്‍ക്കുന്നവര്‍ ഒരുപാട് കഴിവുള്ളവരാണെന്നും അവരെപ്പോലുള്ളവരെ സംഘടനയ്ക്ക് ആവശ്യമാണെന്നും ബാബുരാജ് പറഞ്ഞു.
അറിവും വിവേകവുമുള്ള നടിമാരാണ് പാര്‍വതിയും, പദ്മപ്രിയയും. രമ്യ നമ്പീശനും. ‘അമ്മ’യുടെ വൈസ് ചെയര്‍മാനാകുവാന്‍ യോഗ്യതയുള്ള നടിയാണ് പാര്‍വതി. അവര്‍ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാര്‍വതിയുടെ രാജിയുമായി ബന്ധപ്പെട്ട ചര്‍ച്ച ഉണ്ടായപ്പോള്‍, അവരുടെ വിഷമം കേള്‍ക്കുവാനുള്ള വേദിയൊരുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രാജിവെയ്ക്കുന്ന കാര്യം സംഘടനയിലാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്നും അല്ലാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ രാജി പ്രഖ്യാപിക്കുന്നത് ശെരിയായ കീഴ്വഴക്കമല്ല എന്നതായിരുന്നു സംഘടനയിലെ ഭൂരിപക്ഷ അംഗങ്ങളുടെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു
പിന്നെ സംഘടനയില്‍ ആണ്‍മേല്‍ക്കോയ്മയൊന്നുമില്ല. എത്രെയോ പെണ്‍കുട്ടികള്‍ ഇപ്പോള്‍ സംഘടനയില്‍ ഉണ്ട്. അവര്‍ക്കൊന്നും പരാതികള്‍ ഇല്ലല്ലോ. പിന്നെ കുറവുകളില്ലാത്ത ഒരു സംഘടനയും ഇല്ല. നമുക്ക് ചില പരിമിതികളും ചട്ടക്കൂടുകളുമൊക്കെയുണ്ട് .അതില്‍നിന്നുകൊണ്ടു മാത്രമേ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും ബാബുരാജ് വ്യക്തമാക്കി.