പൊന്നാനി: ‘ചിത്രങ്ങളൊന്നും കാണാന്‍ പറ്റുന്നില്ല ഉപ്പാ, പണ്ട് ഞാനിതൊക്കെ കണ്ടിരുന്നതല്ലേ’ മകന്റെ ഈ വാക്കുകളില്‍ ഉള്ളം പൊള്ളുകയാണ് പൊന്നാനി സ്വദേശി അബ്ദുല്‍ ജബ്ബാര്‍. ഡോക്ടറുടെ ചികിത്സാപ്പിഴവിലാണ് ആറാം വയസുകാരന്റെ ഇരുട്ട് നിറഞ്ഞ ജീവിതത്തിന് കാരണമായത്. ഇതോടെ 6 വയസ്സുകാരനായ അബ്ദുറഹിമാനെ കാഴ്ചയില്ലാത്തവരുടെ സ്കൂളിലേക്കയയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.
2 വര്‍ഷം മുന്‍പാണ് സംഭവ വികാസങ്ങളുടെ തുടക്കം. ഒരു പനി വന്നപ്പോള്‍ സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചിരുന്ന ഡോക്ടറെ കാണിച്ചു. ഉടന്‍ തന്നെ ഡോക്ടര്‍ ചിക്കന്‍പോക്സാണെന്നു വിധിയെഴുതി മരുന്നു നല്കി. മരുന്നുകഴിച്ചതിനു പിന്നാലെ കുട്ടിയുടെ ശരീരം പൊള്ളി വ്രണങ്ങള്‍ രൂപപ്പെട്ടു. പതിയെ കാഴ്ച ശക്തി ഇല്ലാതായി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ കുട്ടിക്ക് ചിക്കന്‍പോക്സ് ഉണ്ടായിരുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന വാക്കുകളാണ് ഡോക്ടര്‍മാരുടെ അടുത്ത് നിന്നും കേട്ടത്.
കാഴ്ച തിരിച്ചുകിട്ടുന്നതിന് കടം വാങ്ങിയും ചികിത്സിച്ചു. പക്ഷേ, രക്ഷയുണ്ടായില്ല. ഇരുട്ടില്‍ നിന്ന് അബ്ദുറഹിമാന് മുക്തിയുണ്ടായില്ല. മരുന്നു മാറിക്കഴിച്ചതിനെത്തുടര്‍ന്ന് കുട്ടിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമ പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് കുടുംബം. ഡോക്ടര്‍ക്കെതിരെ നല്കിയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബൈക്കിലെത്തിയ സംഘം ഒരുമാസം മുന്‍പ് അബ്ദുല്‍ ജബ്ബാറിനെ മര്‍ദിച്ച് അവശനാക്കിയിരുന്നു. കാഴ്ചയില്ലാത്തവരുടെ കൂട്ടത്തിലേക്ക് പെട്ടെന്നു പറഞ്ഞയയ്ക്കാന് മനസ്സുവരാത്തതിനാല് അബ്ദുറഹിമാനെ പൊന്നാനി ടിഐയുപി സ്കൂളില്‍ പ്രൈമറി ക്ലാസില്‍ തല്ക്കാലം ചേര്ത്തിരിക്കുകയാണിപ്പോള്.
Discussion about this post