കുന്ദമംഗലം: വാങ്ങാന്‍ ആരും വരാത്തതിനാല്‍ വീട്ടമ്മ ദിവസം പറമ്പിലേക്ക് ഒഴുക്കിക്കളയുന്നത് 12 ലിറ്ററോളം പാല്. ചെത്തുകടവ് മള്ളത്തൊടികയില്‍ ലീലയ്ക്കാണ് ഈ ദുരനുഭവം. ലീലയുടെ മകന് കോവിഡ് ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാല് വാങ്ങാന്‍ ആരും എത്താതെയായത്.
നേരത്തേ 22 ലിറ്റര്‍ പാലാണ് ഇവര്‍ കറന്നെടുത്തിരുന്നത്. ആവശ്യക്കാര്‍ക്ക് കൊടുത്തശേഷം ബാക്കിപാല് കുന്ദമംഗലം ക്ഷീരോത്പാദകസംഘത്തിന് കൊടുക്കും. എന്നാല്‍, മകന് കോവിഡ് ബാധിച്ചതോടെ പാല് വില്‍പ്പന നിലച്ചു. ഒപ്പം അറുപത്തിരണ്ടുകാരിയുടെ വരുമാനവും.
ലീല ഇപ്പോള്‍ അടുത്തുള്ള രണ്ടാമത്തെ മകന്റെ വീട്ടിലേക്ക് താമസം മാറി. ക്വാറന്റീനിലായതോടെയാണ് ആളുകളും സംഘവും പാല് വാങ്ങാതായത്. കറക്കാതിരുന്നാല്‍ പശുവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഇവര്‍ ദിവസവും പശുവിനെ കറക്കും.
സ്വന്തം ആവശ്യങ്ങള്‍ക്ക് കരുതിയശേഷം ബാക്കി പാല് ഒഴുക്കിക്കളയുകയാണിപ്പോള്. വലിയ നഷ്ടമാണ് ഇതുകൊണ്ടുണ്ടാകുന്നതെന്ന് വീട്ടമ്മ പറയുന്നു. മാത്രമല്ല, ആവശ്യമായ തീറ്റ വാങ്ങി നല്കാന് സാധിക്കാത്തതിനാല്‍ ഇപ്പോള്‍ കറവയും കുറഞ്ഞു.
അതേസമയം, ക്വാറന്റീന് കഴിഞ്ഞ് പരിശോധനഫലം നെഗറ്റീവാണെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറും വാര്‍ഡംഗവും സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നല്കിയാല് പാലെടുക്കുന്നതില്‍ തടസ്സമില്ലെന്ന് കുന്ദമംഗലം ക്ഷീരോത്പാദസംഘം ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post