ഇന്ത്യന്‍ ചരിത്രത്തില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും ചരിത്രപരമായ തീരുമാനം,ശരിയായ സര്‍ക്കാര്‍ വരുമ്പോഴേ ശരിയായ നയങ്ങളുണ്ടാകൂ എന്നത് വീണ്ടും തെളിയിക്കുന്നു; മോഡി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വാനോളം പുകഴ്ത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ രംഗത്ത്. രാജ്യത്ത് സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്നതില്‍ നിന്നും മനുഷ്യവിഭവം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നിര്‍ണ്ണായകമായ നിയമനിര്‍മ്മാണം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കഴിയുന്നതാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ശരിയായ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴേ ശരിയായ നയങ്ങളുണ്ടാകൂ എന്നത് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണെന്ന് ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 2021ഏപ്രില്‍ 30 ഓടുകൂടി രാജ്യത്ത് സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്നതില്‍ നിന്നും മനുഷ്യവിഭവം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നിര്‍ണ്ണായകമായ നിയമനിര്‍മ്മാണം നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

ആ നടപടി ഇന്ത്യന്‍ ചരിത്രത്തില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും ചരിത്രപരമായ പത്ത് തീരുമാനങ്ങളില്‍ ഉറപ്പായും രേഖപ്പെടുത്താവുന്ന തീരുമാനമാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. നൂറ്റാണ്ടുകളായി ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട മനുഷ്യര്‍ ജീവനും ആത്മാഭിമാനവും പണയപ്പെടുത്തി ചെയ്തിരുന്ന ഒരു ജോലിയാണ് ഇല്ലാതാകുന്നത്.

പകരം യന്ത്രങ്ങളാകും ഇനി മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സെപ്റ്റിക്ക് ടാങ്കുകളില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നത് പ്രതിവര്‍ഷം നൂറ് ജീവനുകളെങ്കിലുമായിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഈ ജോലികള്‍ ചെയ്തിരുന്നവര്‍ സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്നവരും വിവേചനങ്ങള്‍ നേരിടുന്നവരുമായിരുന്നു. അവര്‍ക്കെല്ലാം പുതിയ ജീവിതമാണ് ഈ സാമൂഹ്യ വിപ്ലവത്തിലൂടെ സാധ്യമാകാന്‍ പോകുന്നതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version