തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ചയോടെ ശക്തിയാര്‍ജിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയില് കനത്ത മഴ ഉണ്ടാവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.
നിലവില്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കോട്ടു നീങ്ങി ശനിയാഴ്ച തീവ്ര ന്യൂനമര്‍ദമായി മാറും. ഇതോടെ കേരളത്തില്‍ 2 ദിവസത്തേക്കു മഴ കുറയാനാണു സാധ്യത. എന്നാലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ആകാശം തെളിയാന്‍ ഇടയുള്ളതിനാല്‍ താപനിലയിലും മാറ്റമുണ്ടാകും.
കൊച്ചി വിമാനത്താവളത്തില്‍ 35 ഡിഗ്രി പകല്‍താപനിലയും പുനലൂരില്‍ പുലര്‍ച്ചെ 20 ഡിഗ്രി തണുപ്പും വെളളിയാഴ്ച അനുഭവപ്പെട്ടു. വരാന്‍ പോകുന്ന ശൈത്യകാലത്തിന്റെ സൂചനയാണിതെന്നു നിരീക്ഷകര്‍ പറഞ്ഞു. അതേസമയം ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 20 വരെ സംസ്ഥാനത്തു ലഭിക്കേണ്ട തുലാമഴയില്‍ വന്‍കുറവ് അനുഭവപ്പെട്ടു.
42 സെമീ ശരാശരി മഴയുടെ സ്ഥാനത്ത് ലഭിച്ചത് 30 സെമീ മാത്രം. കാസര്‍കോട് മാത്രമാണ് കൂടുതല്‍ മഴ ലഭിച്ചത്.- 14 ശതമാനം അധികം. തുലാമഴയും പിന്നീട് വേനല്‍ മഴയും കുറഞ്ഞാല്‍ മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടാനിടയുള്ളതിനാല്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ആരംഭിക്കേണ്ട കാലമാണിത്.
Discussion about this post