പാല: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ജോസ് കെ മാണി. മാണി സാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം വിജയമാണ് ഈ വിധി. തെരഞ്ഞെടുപ്പിന്റെ മുഖത്ത് നില്ക്കുന്ന കേരളാ കോണ്‍ഗ്രസ്സ് (എം) പ്രവര്‍ത്തകരുടേയും, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേയും ആദ്യഘട്ട വിജയം കൂടിയാണിതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
‘സത്യവിരുദ്ധമായ പ്രചാരണത്തിന് എതിരെയുള്ള വിധിയാണിത്. നുണ കൊണ്ട് എത്ര മറയ്ക്കാന്‍ നോക്കിയാലും സത്യം പുറത്ത് വരും. കെഎം മാണിയുടെ രാഷ്ട്രീയത്തേയും ഭവനത്തേയും അപഹരിക്കാനുള്ള ശ്രമം പിജെ ജോസഫ് നടത്തി. രണ്ടിലയില്‍ നിന്ന് കേരളാ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പുകമ്മിഷന് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ജോസഫ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് ഹൈക്കോടതി ഇപ്പോള്‍ തള്ളിയത്.
രണ്ടില ചിഹ്നത്തിന്റെ അവകാശ വാദം ഉന്നയിച്ചുള്ള പിജെ ജോസഫിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി, ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയത്.
Discussion about this post