രാമനാട്ടുകര: ഓട്ടോയില്‍ കയറിയ യുവതിയെ കഴുത്തുഞെരിച്ച് ഡ്രൈവര്‍ പണവും രേഖകളും അടങ്ങിയ ബാഗ് കവര്‍ന്നു. കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയില്‍ ജീവനക്കാരിയായ ദിവ്യ (28)യാണ് ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് മടങ്ങവെ പതിവ് ബസ് കാണാതായതോടെ സമീപത്ത് കണ്ട ഓട്ടോ വിളിയ്ക്കുകയായിരുന്നു. യാത്രാ മധ്യേ എഞ്ചിന് തകരാറെന്ന് പറഞ്ഞ് ഓട്ടോ നിര്‍ത്തുകയും യുവതിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കുകയും ആയിരുന്നു. പിടിവലിക്കിടെ തെറിച്ച് വീണ യുവതിയ്ക്ക് തീര്‍ത്ഥാടകരാണ് രക്ഷയായി എത്തിയത്.
രാമനാട്ടുകര ബൈപ്പാസ് മേല്‍പ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള നീലിത്തോട് പാലത്തിന് സമീപത്തെത്തിയപ്പോഴായിരുന്നു ഓട്ടോ ഡ്രൈവറുടെ ആക്രമണം. കഴുത്തില്‍ കയറിട്ട് മാല പൊട്ടിക്കാനാണ് ആദ്യം ശ്രമം നടത്തിയത്. ഈ പിടിവലിക്കിടെ യുവതി തെറിച്ച് വീഴുകയായിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേയ്ക്കാണ് യുവതി വീണത്. ഇതോടെ ഡ്രൈവര്‍ മാലപൊട്ടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ബാഗും മൊബൈലുമായി കടന്നുകളയുകയായിരുന്നു.
തീര്‍ത്ഥാടകര്‍ യുവതിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ക്രസന്റ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കളെത്തി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പിടിവലിക്കിടെ യുവതിയുടെ കഴുത്ത് ഞെരിഞ്ഞ് മുറിയുകയും കൈകാലുകളില്‍ പരിക്കുപറ്റുകയും ചെയ്തു. നഷ്ടപ്പെട്ട ബാഗില്‍ 3000 രൂപയും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. ഫറോക്ക് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post