കൊച്ചി: കണക്കിൽ പെടാത്ത പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി അറസ്റ്റിലായ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. ചന്ദ്രികയുടെ അക്കൗണ്ടിൽ കണ്ടെത്തിയത് കള്ളപ്പണമാണെന്ന് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചുവെന്ന് വിജിലൻസ്. വ്യാഴാഴ്ച വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിലും ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹർജിയിലുമാണ് ഇക്കാര്യങ്ങൾ വിജിലൻസ് പറയുന്നത്.
നേരത്തേ തന്നെ ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ കണക്കിൽ പെടാത്ത പണമുണ്ടെന്ന് കാണിച്ച് പരാതി ഉയർന്നിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, 2017ൽ തന്നെ ഇത്തരത്തിൽ അക്കൗണ്ടിൽ പണം എത്തിയതായി ഐടി വകുപ്പ് കണ്ടെത്തിയിരുന്നു. അന്ന് ഇബ്രാഹിംകുഞ്ഞ് പിഴയടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിഴയടച്ച വിവരം വിജിലൻസിനോട് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ നികുതി വെട്ടിച്ചതിൽ പിഴ അടച്ചതിന്റെ രസീതുകൾ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെത്തുകയായിരുന്നു.
പണം പിടിക്കപ്പെട്ടതിന് പിന്നാലെ, നികുതി അടക്കാത്ത പണമാണ് അക്കൗണ്ടിലുള്ളത് എന്നു സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നു. പാലം അഴിമതിയുമായി ബന്ധപ്പെട്ട പണം ദിനപത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു ഇബ്രാഹിംകുഞ്ഞ് എന്നാണ് വിജിലൻസ് നിഗമനം.
എന്നാൽ ഇത്, വരിസംഖ്യയായി ലഭിച്ച പണമാണ് എന്നായിരുന്നു ഇബ്രാഹിംകുഞ്ഞ് നേരത്തെ പറഞ്ഞിരുന്നത്. ഐഎഎസ് ഓഫീസർ ടിഒ സൂരജിനും ഇതേ കാലയളവിൽ പണം ലഭിച്ചിട്ടുണ്ട്. ഈ പണം കൊണ്ട് ടിഒ സൂരജ് മകന്റെ പേരിൽ വസ്തു വാങ്ങി എന്നാണ് വിജിലൻസിന് നൽകിയ മൊഴി.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ബുധനാഴ്ച ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.
Discussion about this post