കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ വിമാനവും പറക്കാന്‍ തുടങ്ങുംമുന്പേ രണ്ട് വിമാനത്താവളങ്ങളും തമ്മിലുള്ള ആശയവിനിമയവും ധാരണയും നിര്‍ബന്ധമാണെന്ന് വിദഗ്ധര്‍. ആകാശത്ത് വിമാനങ്ങള്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് വ്യോമപാത സംബന്ധിച്ച് വിമാനം പുറപ്പെടും മുന്‍പേ ധാരണയുണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ അറിയിച്ചു.
കണ്ണൂരും കരിപ്പൂരും തമ്മില്‍ 52 നോട്ടിക്കല്‍ മൈല്‍ ആണ് ആകാശദൂരം. അതുകൊണ്ടു തന്നെ വിമാനങ്ങള്‍ ആകാശത്ത് പരസ്പരം കണ്ടുമുട്ടാനുള്ള സാധ്യത ഏറെയാണ്. ഓരോ വിമാനവും പറക്കേണ്ട ഉയരവും ദിശയുമെല്ലാം പുറപ്പെടുന്നതിനു മുന്‍പേ നിശ്ചയിച്ച് സര്‍വീസ് നടത്താന്‍ ഇരു വിമാനത്താവളങ്ങളും തമ്മില്‍ ധാരണായിട്ടുണ്ട്. 25 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയിലാണ് അതത് വിമാനത്താവളങ്ങള്‍ വിമാനം നിയന്ത്രിക്കുക. അതേസമയം വിമാനങ്ങള്‍ പറന്നുയരുന്നതിനു മുന്‍പുതന്നെ വിവരങ്ങള്‍ കൈമാറുകയും ചെയ്യും.
കോഴിക്കോട് വിമാനത്താവളത്തില്‍ സ്ഥാപിച്ച അത്യന്താധുനിക റഡാര്‍ സംവിധാനമായ എഡിഎസ്ബിയില്‍ നിന്നുള്ള വിവരങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തിനുകൂടി കൈമാറും. 250 നോട്ടിക്കല്‍മൈല്‍ വരെയുള്ള വിമാനങ്ങളുടെ വിവരങ്ങള്‍ റഡാറില്‍ ലഭിക്കും. നിലവില്‍ 15,000 അടിവരെ ഉയരത്തിലുള്ള വിമാനങ്ങളുടെ നിയന്ത്രണമാണ് കരിപ്പൂരിലും കണ്ണൂരിലും നടത്തുക. ഇതിനുമുകളില്‍ പറക്കുന്ന വിമാനങ്ങള്‍ കൊച്ചിയില്‍ നിന്നും മംഗലാപുരത്തു നിന്നുമാണ് നിയന്ത്രിക്കുന്നത്.
എഡിഎസ്ബി സംവിധാനമുള്ള വിമാനങ്ങളില്‍നിന്നുള്ള റഡാര്‍ വിവരങ്ങള്‍ മാത്രമാണ് കരിപ്പൂരില്‍ സ്വീകരിക്കാനാകുന്നത്. എല്ലാത്തരം വിമാനങ്ങളുടെ വിവരങ്ങളും കൊച്ചിയില്‍ ലഭ്യമാകും. ഈ വിവരങ്ങള്‍ കൊച്ചിയില്‍നിന്ന് കരിപ്പൂരിനുകൂടി പങ്കു വെക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് കൂടുന്നതോടെ കരിപ്പൂരില്‍ എഡിഎസ്ബി മുഴുവന്‍സമയവും പ്രവര്‍ത്തിപ്പിക്കേണ്ടിവരും. നിലവില്‍ രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും രാത്രി ഏഴുമുതല്‍ 10 വരെയുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ജീവനക്കാരുടെ കുറവാണ് പ്രശ്നമാകുന്നത്. 35 ജീവനക്കാര്‍ വേണ്ടിടത്ത് 22 പേരാണുള്ളത്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് വിമാനത്താവളം ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
Discussion about this post