തൃശ്ശൂർ: പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് പൂട്ടിയിട്ട വീടുകളിൽ കയറി കവർച്ച നടത്തുന്ന പതിവാക്കിയ മോഷ്ടാവ് പിടിയിൽ. പീച്ചി സ്വദേശി പുളിക്കൽ വീട്ടിൽ സന്തോഷിനെ(38)യാണ് ഷാഡോ പോലീസും മണ്ണുത്തി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
വീട് പൂട്ടി വീട്ടുകാർ പുറത്തുപോവുന്നത് മനസിലാക്കി ഈ വീടുകളിൽ കയറി താക്കോലുകൾ കൈക്കലാക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച് താക്കോൽ അതേയിടത്ത് വെയ്ക്കും. ഇത്തരത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് സന്തോഷ്.
ഇക്കഴിഞ്ഞ എട്ടിന് മാടക്കത്തറ വെള്ളാനിക്കരയിൽ വട്ടേക്കാട്ട് വീട്ടിൽ മനോജും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയ സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങളും 90,000 രൂപയും മോഷണം പോയിരുന്നു. ഈ കേസിൽ ഷാഡോ പോലീസ് അന്വേഷണം നടത്തിയതോടെയാണ് സന്തോഷ് പിടിയിലായത്.
ഓഗസ്റ്റ് 18ന് ചിറയ്ക്കാക്കോട് ആനന്ദ് നഗറിൽ മടിച്ചിംപാറ രവിയുടെ വീട്ടിൽനിന്ന് 2,20,000 രൂപ കവർന്നതും താനാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് സമ്മതിച്ചു. മണ്ണുത്തി എസ്എച്ച്ഒ എം ശശിധരൻപിള്ളയുടെ നേതൃത്വത്തിൽ മണ്ണുത്തിയിൽ എസ്‌ഐമാരായ കെ പ്രദീപ്കുമാർ, കെകെ സുരേഷ്, ഷാഡോ പോലീസ് എസ്‌ഐമാരായ ടിആർ ഗ്ലാഡ്സ്റ്റൺ, രാജൻ, എൻജി സുവ്രതകുമാർ, പിഎം റാഫി, എഎസ്‌ഐമാരായ പി രാഗേഷ്, കെ ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ടിവി ജീവൻ, പികെ പഴനിസ്വാമി, സിപിഒമാരായ കെബി വിപിൻദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post