കറാച്ചി ബേക്കറി 70 വർഷത്തിലേറെയായി മുംബൈയിലുണ്ട്; പാകിസ്താനുമായി ബന്ധമില്ല; പേരുമാറ്റണമെന്നത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ല:ശിവസേന

മുംബൈ: ബാന്ദ്രയിലെ കറാച്ചി ബേക്കറിയുടെ പേര് 15 ദിവസത്തിനകം മാറ്റണമെന്ന് ശിവസേന നേതാവ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ വിശദീകരണവുമായി പാർട്ടി നേതൃത്വം. കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്നത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്.

പാകിസ്താനി പേരെന്ന് ആരോപിച്ചാണ് മധുരപലഹാര വിൽപ്പനയിലൂടെ പ്രശസ്തമായ കറാച്ചി ബേക്കറിക്ക് നേരെ ശിവസേന നേതാവ് നിഥിൻ നന്ദഗാവ്കർ ഭീഷണി മുഴക്കിയത്. ബാന്ദ്രയിലെ ബേക്കറിയിലെത്തി ഇയാൾ ഭീഷണി മുഴക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തിയത്.

കറാച്ചി ബേക്കറിയും മധുര പലഹാരങ്ങളും 60 വർഷമായി മുംബൈയിലുണ്ട്. അവർക്ക് പാകിസ്താനുമായി ഒരു ബന്ധവുമില്ല. അവരുടെ പേര് മാറ്റാൻ ആവശ്യപ്പെടുന്നതിൽ അർത്ഥമില്ല. പേര് മാറ്റണമെന്ന ആവശ്യം പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ശിവസേന എംപിയായിരുന്ന സഞ്ജയ് റാവുത്ത് പ്രതികരിച്ചു.

ഈ ബേക്കറി ആരംഭിച്ചിട്ട് 70 വർഷമായി, ഇവിടേക്കുള്ള മധുരപലഹാരം നിർമ്മിക്കുന്നത് വരെ ഇന്ത്യയിൽ നിന്നാണെന്നും പാകിസ്താനുമായി കടയ്ക്ക് ഒരു ബന്ധവുമില്ലെന്നും കടയുടമയും പറഞ്ഞിരുന്നു.

Exit mobile version