തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തിൽ കുറ്റകൃത്യം നടന്നിട്ടില്ലാത്തതിനാൽ അന്വേഷണത്തിന് സാധ്യതയുണ്ടായേക്കില്ല. പ്രാഥമികമായ വിലയിരുത്തലിൽ നിയമലംഘനം നടന്നിട്ടില്ലെന്നാണ് പോലീസ് പക്ഷം. എങ്കിലും അന്വേഷണത്തിന് സാധ്യതയുണ്ടോയെന്ന് നിയമോപദേശം തേടും. ശബ്ദരേഖ വ്യാജമല്ലാത്തതിനാൽ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, സ്വപ്ന സുരേഷിന്റെ ശബ്ദസംഭാഷണം എങ്ങനെയാണ് വെബ്പോർട്ടലിന് ലഭിച്ചത്, ഇത് റെക്കോഡ് ചെയ്ത വ്യക്തി, തീയതി, സ്ഥലം എന്നീ കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ജയിൽ ഡിജിപി ഋഷിരാജ് സിങ്, പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണത്തിന് സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പോലീസ്.
ശബ്ദരേഖ വ്യാജമല്ലാത്തതിനാലും പരാമർശങ്ങൾ കുറ്റകൃത്യ സ്വഭാവമില്ലാത്തതിനാലും ഇക്കാര്യത്തിൽ നിയമലംഘനമില്ല എന്ന വിലയിരുത്തലിലാണ് പോലീസ്. കുറ്റകൃത്യം എന്ന നിലയിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ പരിമിതികളുണ്ടെന്ന് പോലീസ് വിലയിരുത്തുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ വിശദമായ നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും പോലീസ് ഒരു തീരുമാനത്തിലെത്തുക.
Discussion about this post