തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖയില്‍ പോലീസ് അന്വേഷണം വേണമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ്. ഇത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് ഋഷിരാജ് സിങ് കത്ത് നല്‍കി. ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത സ്ഥലം, തീയതി, വ്യക്തി എന്നിവ കണ്ടെത്തണമെന്നാണ് കത്തില്‍ ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരിക്കുന്നത്.
ശബ്ദസന്ദേശത്തിന്റെ ആധികാരികത, ഇത് വാര്‍ത്താ പോര്‍ട്ടലിന് ലഭിച്ചത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണിക്കണമെന്നും കത്തില്‍ ഋഷിരാജ് സിങ് പറയുന്നു. അതേസമയം, മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സി നിര്‍ബന്ധിക്കുന്നൂവെന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയെന്ന് ജയില്‍ വകുപ്പ് വ്യക്തമാക്കിയിരുന്നു.ജയില്‍ ഡിഐജി അജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് സ്ഥിരീകരിച്ചത്.പുറത്തുവന്ന ശബ്ദം തന്റേതാണെന്നും എന്നാല്‍ എപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണെന്ന് ഓര്‍മ്മയില്ലെന്നും അട്ടക്കുളങ്ങര ജയിലില്‍ വച്ച് റെക്കോഡ് ചെയ്തതല്ലെന്നും സ്വപ്‌ന മൊഴി നല്‍കിയിരുന്നു.
മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു സ്വപ്നയുടെ പേരിലുള്ള ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞതായും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കുടുക്കാന്‍ കേന്ദ്ര ഏജന്‍സി ശ്രമിക്കുന്നൂവെന്ന് വെളിപ്പെടുത്തുന്ന 35 സെക്കന്റ് മാത്രം നീളമുള്ള ശബ്ദരേഖ ഇന്നലെ രാത്രിയാണ് പുറത്ത് വന്നത്.