പാലാരിവട്ടം പാലം അഴിമതിക്കേസ്; പാലം രൂപകല്‍പ്പന ഏല്‍പ്പിച്ചിരുന്ന നാഗേഷ് കണ്‍സല്‍ട്ടന്‍സിയുടെ ഉടമ വിവി നാഗേഷ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നാഗേഷ് കണ്‍സല്‍ട്ടന്‍സി ഉടമ വിവി നാഗേഷ് അറസ്റ്റില്‍. കോട്ടയം വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പനയിലെ പിഴവും കാരണമായെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പ്പന ഏല്‍പ്പിച്ച നാഗേഷ് കണ്‍സല്‍ട്ടന്‍സി ഉടമയായ വിവി നാഗേഷിനെ അറസ്റ്റ് ചെയ്തത്.

പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പ്പന ഏല്‍പ്പിച്ചത് ബംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സല്‍ട്ടന്‍സിയെയായിരുന്നു. 17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പനയ്ക്കായി കൈപ്പറ്റിയത്. എന്നാല്‍ ഈ കമ്പനി മറ്റൊരു കമ്പനിക്ക് മറിച്ചു നല്‍കിയിരുന്നു.

ഇയാളെ ഉച്ചയ്ക്ക് ശേഷം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അതേസമയം പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേര്‍ത്തു. പാലം നിര്‍മാണച്ചുമതല ഉണ്ടായിരുന്ന റോഡ്‌സ് ആന്റ് ബ്രിഡ്ജല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മുഹമ്മദ് ഹനീഷിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഇതിനിടെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. ബോര്‍ഡ് തിങ്കാളാഴ്ച കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കണം. നിലവില്‍ കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുകയാണ് വികെ ഇബ്രാഹിം കുഞ്ഞ്.

Exit mobile version