പുലാമന്തോള്‍: തൊഴിലുറപ്പ് പണിക്കുപോയും അയല്പക്കത്തെ വീടുകളില്‍ വീട്ടുജോലി ചെയ്തുമാണ് അമ്മ ശോഭന മകള്‍ സനയെ പഠിപ്പിച്ചത്. അമ്മയുടെ വിയര്‍പ്പിന്റെ വിലയറിഞ്ഞ സന മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ മികച്ചനേട്ടം കൈവരിച്ച് നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.
2020-ലെ ഓള് ഇന്ത്യ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ കേരള എസ്സി. കാറ്റഗറിയില്‍ 30-ാം റാങ്ക് നേടിയ സന മെഡിക്കല്‍ കോളേജില്‍ ചേരാനൊരുങ്ങുകയാണ്. മകളെ പഠിപ്പിക്കാനും കുടുംബം പുലര്‍ത്താനും വീട്ടുജോലിക്ക് പോകുന്ന അമ്മ ശോഭനയുടെ വിയര്‍പ്പിന്റെ മൂല്യംകൂടിയുണ്ട് ആ വിജയത്തിനുപിന്നില്‍.
ശ്രീനിവാസനും ശോഭനയ്ക്കും അഞ്ച് പെണ്മക്കളായിരുന്നു. എന്നാല്‍ പത്തുവര്ഷങ്ങള്ക്കുമുന്പ് ശ്രീനിവാസന് മരിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. തൊഴിലുറപ്പ് പണിക്ക് പോയും, അയല്‍ വീടുകളില്‍ വീട്ടുജോലി ചെയ്തുമാണ് ശോഭന മക്കളെ വളര്‍ത്തിയത്.
മറ്റ് മക്കളെക്കാള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു സന. പുലാമന്തോള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയിലും കൊളത്തൂര്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് പ്ലസ്ടുവിലും മുഴുവന്‍ വിഷയങ്ങള്‍ക്കും സന എ പ്ലസ് നേടിയിരുന്നു.
പരിശീലനത്തിന് കൊളത്തൂര്‍ സ്കൂളിലെ ക്ലാസ് അധ്യാപകനായിരുന്ന സുമേഷിന്റെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു. നിലവില്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കിലും അടുത്തലിസ്റ്റില് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സന.
സനയ്ക്ക് പഠനസാമഗ്രികളും മറ്റും നല്കി ചെമ്മല കൂട്ടായ്മയും ആലിക്കല്‍ കിളിക്കുന്നുകാവ് ക്ഷേത്രസമിതിയും അമ്മയ്ക്ക് സഹായമൊരുക്കി. മെഡിക്കല്‍പഠനം പൂര്‍ത്തിയാക്കി പാവപ്പെട്ടവരെ സഹായിക്കുന്ന ഡോക്ടറായി സേവനമനുഷ്ഠിക്കണമെന്നാണ് സനയുടെ ആഗ്രഹം.
Discussion about this post