സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കരുത്; കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: വനിതകള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായി ചിത്രീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്കി. സ്ഥാനാര്‍ഥികളുടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും ചിലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിരുന്നു.

ഇത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം.

Exit mobile version