കൊല്ലം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്ന് ഒളിച്ചോടി. കൊല്ലം കോര്‍പ്പറേഷനില്‍ തങ്കശേരി ഡിവിഷനിലെ സ്ഥാനാര്‍ഥി ആന്‍സില്‍ ജോര്‍ജ്ജാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് മത്സരരംഗത്തു നിന്നും മുന്നറിയിപ്പൊന്നും നല്‍കാതെ പിന്‍വാങ്ങിയത്.
കൊല്ലം ഡിസിസിക്ക് കത്തെഴുതി നല്‍കിയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുടെ പിന്മാറ്റം. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന സഹപ്രവര്‍ത്തകരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആന്‍സിലിന്റെ പിന്മാറ്റമെന്നാണ് സൂചന. കോണ്‍ഗ്രസ്സ് ഡിവിഷന്‍ പ്രസിഡന്റായ ആന്‍സിലിനെ ഡിവിഷന്‍ കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.
ആന്‍സിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിലവിലെ കൗണ്‍സിലറും ഇപ്പോല്‍ മുളങ്കാടകം ഡിവിഷന്‍ സ്ഥാനാര്ഥിയുമായ ഉദയാ സുകുമാരനന്‍ രംഗത്തു വന്നിരുന്നു. അങ്ങനെ സ്ഥാനാര്‍ഥി മുങ്ങിയതോടെ ഡിസിസിക്ക് തങ്കശേരി ഡിവിഷനില്‍ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടി വന്നു
ഇത്തവണ സന്തോഷ അല്‍ഫോണ്‍സാണ് പുതിയ ദൗത്യം ഏറ്റെടുത്ത് ഡിവിഷനില്‍ എത്തിയത്. നേരത്തെ കൈപ്പത്തി ചിഹ്നത്തില്‍ പ്രചരണത്തിനിറങ്ങിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക തൊട്ടടുത്ത ദിവസം ബിജെപി സ്ഥാനാര്‍ഥിയായതും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു.
താമരക്കുളം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി അതേ ഡിവിഷനിലെ കൗണ്‍സിലറും പ്രതിപക്ഷ നേതാവുമായ എ കെ ഹഫീസ് പ്രഖ്യാപിച്ച ശ്രീജാ ചന്ദ്രനാണ് ഒറ്റരാത്രികൊണ്ട് മറുകണ്ടം ചാടിയത്. ഇതിന് പിന്നാലെ കോട്ടയത്ത് മുപ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസ് കെ മാണിക്കൊപ്പം ചേര്‍ന്നതും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നല്‍കിയത്.