കൊച്ചി: സെലിബ്രിറ്റികളെ ബ്രാൻഡ് അംബാസഡർ ആക്കി പരസ്യം ചെയ്യുക എന്നത് ഏറെ ചെലവേറിയ പരിപാടിയാണ്. അപ്പോൾ പിന്നെ സൂപ്പർ താരം തന്നെ ഒരു ബ്രാൻഡിനെ പരിചയപ്പെടുത്തുമ്പോളോ? കോടികൾ ചെലവഴിക്കേണ്ടി വരും എന്ന് അല്ലേ സ്വഭാവികമായും ചിന്തിക്കുക. എന്നാൽ ഇത്തരം കീഴ് വഴക്കങ്ങൾ എല്ലാം തെറ്റിച്ച് മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി ഒരു ബ്രാൻഡിനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഒു പൈസ പോലും പ്രതിഫലം വാങ്ങാതെ മമ്മൂട്ടി പരിചയപ്പെടുത്തിയ പ്രോഡക്ട് ഒരു കറി പൗഡർ ആണ്. പ്രിയ പ്രതിഭ കറി പൗഡർ. ഈ ഉത്പന്നം ആശ്വാസവും പ്രതീക്ഷയും നൽകുന്നത് ആയിരക്കണക്കിന് ജീവിതങ്ങൾക്കാണ്. പരസഹായം കൂടാതെ ജീവിക്കാനുള്ള അവരുടെ പോരാട്ടത്തിന്റെ പേരാണ് ‘പ്രിയ പ്രതിഭ’.
പ്രതിഫലമായി ഒന്നും കൈപ്പറ്റാതെ തന്നെ കൊണ്ട് കഴിയുന്ന വിധത്തിൽ ഒരു ചെറുസഹായം എന്നത് മാത്രമാണ് മമ്മൂട്ടി ഈ പരസ്യപ്പെടുത്തലിലൂടെ ലക്ഷ്യം വെച്ചത്. ഫേസ്ബുക്കിലൂടെയാണ് പ്രിയതാരം ഈ കറി പൗഡർ പരിചയപ്പെടുത്തിയത്.
കറി മസാലകൾ, കറി പൗഡറുകൾ എന്നിവയാണ് ‘പ്രിയ പ്രതിഭ’ പുറത്തിറക്കുന്നത്. കച്ചവടത്തിലൂടെയുള്ള ലാഭമല്ല ഈ ഉത്പന്നം വിപണിയിലെത്തുന്നതിന്റെ ലക്ഷ്യം. ഒരുപാട് പേരുടെ വിശപ്പ് മാറ്റാനും വേദന ഇല്ലാതാക്കാനുമാണ് പ്രിയ പ്രതിഭ ഉത്പന്നങ്ങളെത്തുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ കീഴിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പദ്ധതികളിൽ ഒന്നാണിതെന്ന് അറിയുമ്പോഴാണ് ഈ ഉത്പന്നത്തിന് പിന്നിലെ കാരുണ്യ വഴികൾ വ്യക്തമാവുക. ബിഷപ്പ് ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള 16 ജീവകാരുണ്യ പദ്ധതികളിലൊന്നാാണിതും.
2002 ലാണ് കറി പൗഡർ നിർമ്മാണം ആരംഭിക്കുന്നത്, ചെറിയ തോതിൽ ആവശ്യമനുസരിച്ച് മാത്രമായിരുന്നു നിർമ്മാണം. ഈ വരുമാനം കൊണ്ട് ഭക്ഷണവിതരണവും മറ്റ് ജീവകാരുണ്യപദ്ധതികൾക്കുള്ള തുകയും കണ്ടെത്തിയിരുന്നു. ഒട്ടേറെ സഹായങ്ങളും ലഭിച്ചിരുന്നു. പക്ഷെ കൊറോണ എല്ലാം തകിടം മറിച്ചു. പ്രതിസന്ധി അതിരൂക്ഷമായി. ഇതോടെയാണ് കറി പൗഡർ നിർമ്മാണം വിപുലമാക്കി കേരളത്തിലെങ്ങും വിൽപ്പനയ്ക്ക് എത്തിക്കാൻ എന്നു തീരുമാനിച്ചത്. കർഷകരിൽ നിന്നും നേരിട്ട് സ്വീകരിക്കുന്ന ഉൽപ്പന്നങ്ങളാണ് കറി പൗഡർ നിർമാണത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കർഷകർക്കും ഈ നീക്കം സഹായമാകുമെന്ന് അധികൃതർ പറയുന്നു.
വിവിധ വൈകല്യങ്ങൾ വെല്ലുവിളിയായ രണ്ടായിരത്തിൽ പരം ആളുകളുടെ ജീവിക്കാനുള്ള പോരാട്ടത്തിൽ പിറന്നതാണ് "പ്രിയ പ്രതിഭ "…
Posted by Mammootty on Monday, 16 November 2020
മമ്മൂട്ടി പ്രിയ പ്രതിഭയെ പരിചയപ്പെടുത്തുന്നതിലേക്ക് നയിച്ചത് കഴിഞ്ഞ വർഷം കാൻസർ രോഗികൾക്ക് വേണ്ടി നടത്തിയ പരിപാടിയുടെ ഭാഗമാകാൻ എത്തിയപ്പോഴായിരുന്നു. പരിപാടിക്കായി കോട്ടയത്ത് എത്തിയ അദ്ദേഹത്തോട് ഇതേ കുറിച്ചെല്ലാം പറഞ്ഞിരുന്നു. ഈ പുതിയ തീരുമാനം അദ്ദേഹത്തെ അറിയിച്ചപ്പോഴാണ് നിറഞ്ഞ മനസോടെ അദ്ദേഹം പ്രിയ പ്രതിഭയെ കേരളത്തിന് മുന്നിൽ പരിചയപ്പെടുത്തിയതെന്ന് പ്രിയ പ്രതിഭയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
Discussion about this post