എന്നാലും എന്റെ ശശി! ആവേശത്തിന്റെ കാരണം മനസ്സിലായി, ആള്‍ പുസ്തകം മുഴുവന്‍ വായിച്ചിട്ടില്ല, 2011 വരെയുള്ള കാര്യങ്ങള്‍ പറയുന്ന പുസ്തകത്തില്‍ 2014ല്‍ പ്രധാനമന്ത്രിയായ മോഡിയെക്കുറിച്ച് ഒബാമ എന്തെഴുതണം എന്നാണ് പറയുന്നത്?; ശശി തരൂരിന് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകം വായിച്ച വിവരം ശശി തരൂര്‍ എംപി കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ‘മന്മോഹന്‍ സിങ്ങിനെ പുകഴ്ത്തുന്നപുസ്തകത്തിന്റെ 902 പേജുകളിലെങ്ങും നരേന്ദ്ര മോഡി എന്ന പേരുപോലും ഇല്ല’ എന്ന് ശശി തരൂര്‍ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.

ഇതിന് പിന്നാലെ ശശി തരൂരിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍. രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശം പരാമര്‍ശം അടങ്ങിയ, ബറാക് ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകം ഇന്നലെ എനിക്കും കിട്ടി. പുസ്തകം വായിച്ചു തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ തരൂരിന്റെ ആവേശത്തിന്റെ കാരണം എനിക്ക് മനസ്സിലായി; ആള്‍ പുസ്തകം വായിച്ചിട്ടില്ല എന്ന് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

എന്നാലും എന്റെ ശശി തരൂരേ, ഇതാ എന്റെ വക ഒരു വാക്ക് പഠിച്ചോളൂ!

രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശം പരാമര്‍ശം അടങ്ങിയ, ബറാക് ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകം ഇന്നലെ എനിക്കും കിട്ടി. രാഹുലിനെ കുറിച്ച് മോശമായ വിലയിരുത്തല്‍ ആണെന്ന വസ്തുത പുറത്തുവന്നപ്പോള്‍ തരൂര്‍ ‘വലിയ വാര്‍ത്ത’ എന്നു പറഞ്ഞ് ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു: ‘മന്മോഹന്‍ സിങ്ങിനെ പുകഴ്ത്തുന്ന പുസ്തകത്തിന്റെ 902 പേജുകളിലെങ്ങും നരേന്ദ്ര മോദി എന്ന പേരുപോലും ഇല്ല.’

പുസ്തകം വായിച്ചു തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ തരൂരിന്റെ ആവേശത്തിന്റെ കാരണം എനിക്ക് മനസ്സിലായി; ആള്‍ പുസ്തകം വായിച്ചിട്ടില്ല. ഏതൊരു പുസ്തകത്തിലെയും അധ്യായങ്ങള്‍ വായിച്ചു തുടങ്ങുന്നതിനു മുന്‍പ് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടത് അതിന്റെ ആമുഖമാണ്. ആമുഖത്തില്‍ ഒബാമ ഇങ്ങനെ പറയുന്നു: ”ഒരു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 500 പേജില്‍ ഈ പുസ്തകം എഴുതി പൂര്‍ത്തിയാക്കാം എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചതു പോലെയല്ല എഴുത്ത് നടന്നത്. ഞാന്‍ അങ്ങേയറ്റം ശ്രമിച്ചെങ്കിലും പുസ്തകത്തിന്റെ ദൈര്‍ഘ്യവും വ്യാപ്തിയും വര്‍ദ്ധിച്ചുവന്നു. ആയതിനാല്‍ പുസ്തകത്തെ രണ്ടു വാല്യങ്ങള്‍ ആക്കാം എന്നു ഞാന്‍ തീരുമാനിച്ചു.”

അതായത് ഒബാമ ഉദ്ദേശിക്കുന്നത് തന്റെ പുസ്തകത്തെ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കാന്‍ ആണ്. അതിന്റെ ആദ്യ വാല്യമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില്‍ 2011ലെ കാര്യങ്ങള്‍ വരെയേ ഉള്ളൂ. 2012ലെ തന്റെ രണ്ടാം വട്ട പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പടെ ബാക്കി കാര്യങ്ങളൊക്കെ അടുത്ത വാല്യത്തില്‍ മാത്രമേ ഉണ്ടാകൂ.

2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെക്കുറിച്ച് 2011 വരെയുള്ള കാര്യങ്ങള്‍ പറയുന്ന പുസ്തകത്തില്‍ ഒബാമ എന്തെഴുതണം എന്നാണ് തരൂര്‍ പറയുന്നത്?! ഇതിനാണ് തോക്കില്‍ കയറി വെടിവെക്കുക എന്നു പറയുന്നുന്നത്. തരൂര്‍ അബദ്ധം പറഞ്ഞതിനെ, അദ്ദേഹം bloviate ചെയ്തു എന്നു പറയാം. അറിയാത്ത കാര്യത്തെക്കുറിച്ച് അറിവുണ്ടെന്നു നടിച്ച് പ്രധാനപ്പെട്ടതെന്ന രീതിയില്‍ യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയം അവതരിപ്പിച്ചു വെറുപ്പിക്കുന്നതിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് പദമാണ് ‘ബ്ലോവിയേറ്റ്’.

Exit mobile version