സാമ്പത്തിക പ്രതിസന്ധി; ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സൗജന്യ ഭക്ഷണമില്ല; മുഴുവൻ പണവും നൽകണം

ശബരിമല: ശബരിമല മണ്ഡലകാലത്ത് ഭക്തരുടെ തിരക്ക് പരിഗണിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസുകാർക്ക് സൗജന്യ ഭക്ഷണമില്ല. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാരിൽ നിന്നുള്ള സഹായം നിലച്ചതിനാൽ പോലീസ് മെസ്സിൽനിന്നു ഭക്ഷണം കഴിക്കുന്നവർ ഇനി മുതൽ മുഴുവൻ പൈസയും നൽകണമെന്ന് സർക്കുലർ.

കഴിഞ്ഞ വർഷം ഡ്യൂട്ടിക്ക് വന്ന പോലീസുകാർക്ക് ഭക്ഷണം സൗജന്യമായിരുന്നു. പക്ഷേ ഒരു പരിധി വെച്ചിരുന്നു. സന്നിധാനത്ത് 80 രൂപവരെയും പമ്പയിൽ 70 രൂപവരെയും സൗജന്യമായിരുന്നു. അതിൽ കൂടുതൽ വരുന്ന തുകമാത്രം നൽകിയാൽ മതിയായിരുന്നു.

ഈ വർഷം ഭക്ഷണത്തിന്റെ ബില്ലിൽ ഇളവുണ്ടായിരിക്കില്ലെന്ന് കാണിച്ച് ശബരിമല പോലീസ് മെസ്സിന്റെ ചുമതലയുള്ള സൂപ്പർവൈസറി ഓഫീസർ ചൊവ്വാഴ്ച വൈകുന്നേരം സർക്കുലർ ഇറക്കിയതോടെയാണ് കാര്യം വ്യക്തമായത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, മണിയാർ എന്നിവിടങ്ങളിൽ ആണ് പോലീസ് മെസ് ഉള്ളത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിമൂലം ഇത്തവണ സർക്കാരിൽ നിന്നുള്ള സഹായവും ദേവസ്വം ബോർഡിൽനിന്നുളള സഹായവും കിട്ടിയിട്ടില്ല. ഇതാണ് മെസ്സിനെ പ്രതിസന്ധിയിലാക്കിയത്.

കോവിഡ് കാരണം ദേവസ്വം ബോർഡിന്റെ മെസ് സബ്‌സിഡി ഇത്തവണ ഇല്ലാത്തതുമൂലമാണ് സൗജന്യ ഭക്ഷണം നിർത്തുന്നതെന്ന് സർക്കുലറിൽ പറയുന്നു. അതേസമയം, പോലീസ് മെസ്സിന്റെ ആവശ്യത്തിന് ദേവസ്വം ബോർഡ് ഒരു സബ്‌സിഡിയും നൽകുന്നില്ലെന്നാണ് ബോർഡ് പ്രസിഡന്റ് പ്രതികരിച്ചത്. ദേവസ്വം ബോർഡ് സർക്കാരിന് നൽകുന്ന തുകയിൽനിന്ന് ഒരു വിഹിതം പോലീസ് മെസ്സിന്റെ ആവശ്യത്തിന് ഉപയോഗിക്കാറാണ് പതിവ്.

Exit mobile version