എഴുന്നൂറിലധികം വര്‍ഷം പഴക്കം; ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ മുഖമണ്ഡപത്തിന്റെ ഒരുഭാഗം പൊളിഞ്ഞുവീണു, അവശേഷിക്കുന്ന ഭാഗവും അടര്‍ന്ന് വീഴാവുന്ന നിലയില്‍

ആറ്റിങ്ങല്‍: എഴുന്നൂറിലധികം വര്‍ഷത്തെ പഴക്കമുള്ള ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ മുഖമണ്ഡപത്തിന്റെ ഒരുഭാഗം നിലംപതിച്ചു. അവശേഷിക്കുന്ന ഭാഗവും ഏത് നിമിഷവും അടര്‍ന്ന് വീഴാവുന്ന നിലയിലാണ് ഉള്ളത്. മണ്ഡപക്കെട്ട് ചോര്‍ന്നൊലിച്ച് കഴുക്കോലുകള്‍ ദ്രവിച്ച് തുടങ്ങിയിട്ട് കാലമേറെയായി. മഴയും വെയിലുമേറ്റ് കഴുക്കോലുകളും ഉത്തരങ്ങളും കേടുവന്നതാണ് മേല്‍ക്കൂര പൊളിഞ്ഞുവീഴാനിടയാക്കിയത്.

കൊട്ടാരത്തിന്റെ മുഖമണ്ഡപമുള്‍പ്പെടെയുള്ള കൊട്ടാരക്കെട്ട് നവീകരിച്ച് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും സംരക്ഷണനടപടികള്‍ ആരംഭിക്കാനായിട്ടില്ല. മണ്ഡപക്കെട്ട് ഉള്‍പ്പെടുന്ന കൊട്ടാരക്കെട്ട് സംരക്ഷിച്ച് പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ മൂന്നുകോടിരൂപ വകയിരുത്തിയിരുന്നു. തുടര്‍നടപടികളിലുണ്ടായ കാലതാമസമാണ് മണ്ഡപക്കെട്ട് പൊളിഞ്ഞുവീഴുന്നതിലേക്ക് നയിച്ചത്.

ആറ്റിങ്ങലിന്റെ തലയെടുപ്പാണ് ഈ കൊട്ടാരവും അതിനുമുന്നിലെ മണ്ഡപക്കെട്ടും. എഡി1305ലാണ് കൊട്ടാരം നിര്‍മിച്ചതെന്നാണ് ചരിത്രം. കോലത്തുനാട്ടില്‍ നിന്ന് വേണാട്ടിലേക്ക് ദത്തെടുത്ത രാജകുമാരിമാര്‍ക്ക് പാര്‍ക്കാന്‍വേണ്ടിയാണ് ആറ്റിങ്ങലില്‍ കൊട്ടാരക്കെട്ടുകള്‍ നിര്‍മ്മിച്ചതെന്നാണ് ചരിത്രം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അമ്മ വീടെന്നാണ് കൊട്ടാരം അറിയപ്പെടുന്നത്. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ശ്രദ്ധേയമായ ഏടായ ആറ്റിങ്ങല്‍ കലാപത്തിന് പശ്ചാത്തലവും ഈ കൊട്ടാരമാണ്. കൊട്ടാരം സംരക്ഷിക്കാന്‍ ഇനിയും അധികൃതര്‍ നടപടി എടുത്തില്ലെങ്കില്‍ ഈ ചരിത്ര സ്മാരകം നാമാവശേഷമാകും.

Exit mobile version