കോട്ടയം: ജീവനുള്ള ചിഹ്നമാണ് ചെണ്ടയെന്നും വോട്ടര്‍മാരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ ഒറ്റ ദിവസം മതിയെന്നും പിജെ ജോസഫ്. രണ്ടില ചിഹ്നം കിട്ടാത്തത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ലെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍വിജയം നേടുമെന്നും പിജെ ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടില ചിഹ്നം ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാന്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു.
പിജെ ജോസഫ് വിഭാഗത്തിന് ചെണ്ട ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാന്‍ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്കാന് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ വിധിയെ ചോദ്യം ചെയ്ത് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചത്.
Discussion about this post