കൊച്ചി: ജീവിതം ദുരിതത്തിലായപ്പോള്‍ കൈപിടിച്ചുയര്‍ത്തിയ ചോറ്റാനിക്കരയമ്മയോടുള്ള നന്ദി സൂചകമായി 700കോടി രൂപയുടെ ക്ഷേത്രപുനര്‍നിര്‍മ്മാണ പദ്ധതി പ്രഖ്യാപിച്ച് ബിസിനസ്സുകാരന്‍. ചോറ്റാനിക്കര ദേവീക്ഷേത്രം രാജ്യാന്തര തീര്‍ഥാടന കേന്ദ്രമാക്കാനുള്ള പദ്ധതിയാണ് ഗണ ശ്രാവണ്‍ സ്വാമിജിയുടെ ബെംഗളൂരു ആസ്ഥാനമായ സ്വാമിജി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്ര നഗരപദ്ധതിയാണ് ചോറ്റാനിക്കരയില്‍ ഉയരുന്നത്. എഴുന്നൂറ് കോടി രൂപ ചെലവില്‍ ക്ഷേത്രവും പരിസരവും ശില്‍പചാതുരിയോടെ പുനര്‍നിര്‍മിക്കാനാണ് സ്വാമിജി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ചോറ്റാനിക്കരയെ അടിമുടി മാറ്റുന്ന ക്ഷേത്ര നഗരപദ്ധതി അടുത്ത അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മുന്നൂറ് കോടി രൂപ ചെലവിട്ട് ക്ഷേത്രത്തില്‍ സ്വര്‍ണ്ണം പതിപ്പിക്കും. ക്ഷേത്രത്തിന് ചുറ്റും മൂന്ന് റിങ് റോഡുകള്‍ പണിയും. ജനങ്ങളെ ഒരു തരത്തിലും ബാധിക്കാതെയും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിയുമാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
മുന്നൂറ് മുറികളുള്ള ഏഴ് അതിഥി മന്ദിരങ്ങള്‍ , രണ്ട് പാലം, ഡ്രൈനേജ്, കരകൗശല വസ്തുക്കള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയും പദ്ധതി രൂപരേഖയിലുണ്ട്. ക്ഷേത്ര നവീകരണത്തിന് മുന്നൂറ് കോടിയും ടൗണ്‍ഷിപ് വികസനത്തിന് നാനൂറ് കോടിയുമാണ് സ്വാമിജി ഗ്രൂപ്പ് ചെലവാക്കുന്നത്.
പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങും. ചോറ്റാനിക്കര ദര്‍ശനത്തിലൂടെ സ്വര്‍ണ , രത്‌ന വ്യാപാരത്തിലേറ്റ തിരിച്ചടിയില്‍നിന്ന് കരകയറാനായതിന്റെ സന്തോഷത്തിലാണ് പുതിയ പദ്ധതി ഗണ ശ്രാവണ്‍ പ്രഖ്യാപിച്ചത്.
Discussion about this post