വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടെങ്കിലും നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം നിര്‍ത്തിയിട്ടാല്‍ അനധികൃത പാര്‍ക്കിംഗിന് പിഴ അടക്കേണ്ടി വരുമോ? എല്ലാ ഡ്രൈവര്‍മാരും നിരന്തരം ചോദിക്കുന്ന സംശയമാണിത്. ഇക്കാര്യത്തില്‍ ഒരു ഉത്തരവുമായി വന്നിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. വാഹന നിയമം അനുസരിച്ച് പിഴ അടക്കണം എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഡ്രൈവര്‍ സീറ്റിലുണ്ടെങ്കിലും പാര്‍ക്കിംഗ് അല്ലാതാകുന്നില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം അറിയിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടെങ്കിലും അനധികൃത പാര്‍ക്കിംഗിന് പിഴ അടക്കേണ്ടി വരുമോ, ഉത്തരം:ഉവ്വ്,ഡ്രൈവര്‍ സീറ്റിലുണ്ടെങ്കിലും പാര്‍ക്കിംഗ് അല്ലാതാകുന്നില്ല.
പലപ്പോഴും അനധികൃത പാര്‍ക്കിങ്ങിന് പിഴയടയ്‌ക്കേണ്ടി വരുമ്പോള്‍ തര്‍ക്കങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്, അതിനാല്‍ എന്താണ് നിയമപരമായതും അല്ലാത്തതുമായ പാര്‍ക്കിംഗ് എന്ന് അറിയേണ്ടതുണ്ട്. എങ്ങിനെ വാഹനം ഓടിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ വാഹനം പാര്‍ക്ക് ചെയ്യണം എന്നതും. പാര്‍ക്കിംഗ് എന്നത് വിലയേറിയ ഒന്നാണെന്നും, പൊതു സ്ഥലത്തും നിരത്തുകളിലും പാര്‍ക്ക് ചെയ്യുന്നതും അവകാശമല്ല എന്ന് മനസ്സിലാക്കുക.
പാര്‍ക്കിംഗ് എന്നാല്‍ എന്ത് (നിര്‍വ്വചനം)
ചരക്കുകളാ യാത്രക്കാരെയോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങള്‍ക്ക് ഒരു വാഹനം നിശ്ചലാവസ്ഥയില്‍ കാത്ത് കിടക്കുന്നതും, 3 മിനിറ്റില്‍ കൂടുതല്‍ സമയം നിര്‍ത്തിയിടുന്നതും പാര്‍ക്കിംഗിന്റെ നിര്‍വ്വചനത്തില്‍ വരുന്നു (മോ.വെ. ഡ്രൈവിംഗ് റെഗുലേഷന്‍ ക്ലോസ് 2 (J)).
*എവിടെയൊക്കെയാണ് പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളത്*
• റോഡിന്റെ വീതി കുറവുള്ളതോ കാഴ്ചയ്ക്ക് തടസ്സം ഉള്ളതോ ആയ ഭാഗത്ത്.
• കൊടുംവളവിലൊ വളവിന് സമീപത്തോ .
• ആക്‌സിലറേഷന്‍ ലൈനിലോ (acceleration lane) ഡീസിലറേഷന്‍ ലൈനിലോ (Deceleration lane)
• റെയില്‍വേ ക്രോസിംഗില്‍
• ബസ് സ്റ്റോപ്പ് / ആശുപത്രി സ്‌കൂള്‍ എന്നിവയുടെ പ്രവേശന കവാടത്തിനരികില്‍ .
• പെഡസ്ട്രിയന്‍ ക്രോസിംഗിലൊ അതിന് മുന്‍പുള്ള 5 മീറ്ററിലൊ .
• ട്രാഫിക് ലൈറ്റ്, സ്റ്റോപ്പ് സൈന്‍ give way sign എന്നിവയുടെ 5 മീറ്ററിനുള്ളില്‍ അല്ലെങ്കില്‍ മറ്റ് ഡ്രൈവര്‍മാര്‍ക്ക് സിഗ്‌നലുകള്‍ കാണാന്‍ കഴിയാത്ത വിധത്തില്‍ നിര്‍ത്തുന്നത് .
• ബസ് സ്റ്റാന്‍ഡുകളില്‍ ബസ്സുകള്‍ അല്ലാത്ത വാഹനങ്ങള്‍ക്ക്.
• റോഡില്‍ വരച്ചിട്ടുള്ള മഞ്ഞ ബോക്‌സ് മാര്‍ക്കിംഗിലൊ റോഡ് അരികിലെ മഞ്ഞ വരയിലൊ .
• നോ സ്റ്റോപ്പിങ് /നോ പാര്‍ക്കിംഗ് സൈന്‍ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ .
• പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററൊ അതില്‍ കൂടുതലൊ ആയി നിശ്ചയിച്ചിട്ടുള്ള മെയിന്‍ റോഡിലൊ റോഡിന്റെ ഭാഗങ്ങളിലോ .
• ഫുട്പാത്ത് /സൈക്കിള്‍ ട്രാക്ക്/ പെഡസ്ട്രിയന്‍ ക്രോസിംഗ് എന്നിവടങ്ങളില്‍ .
• ഒരു ഇന്റര്‍സെക്ഷനിലൊ ഇന്റര്‍ സെക്ഷന്റെ അരികില്‍ നിന്ന് 50 മീറ്റര്‍ മുമ്പോ ശേഷമൊ.
• ഒരു പാര്‍ക്കിംഗ് ഏരിയയിലേക്ക് ഉള്ള പ്രവേശന വഴി തടസ്സപ്പെടുത്തുന്ന രീതിയില്‍ .
• തുരങ്കത്തില്‍ / ബസ് ലൈനില്‍ .
• ഒരു വസ്തു(property) യുടെ പ്രവേശന വഴിയിലും പുറത്തേക്കുള്ള വഴിയിലും.
• പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തിന് എതിരായി
• ഏതെങ്കിലും വാഹനത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തിലോ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ.
• പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമാന്തരമായി.
• പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ള നിശ്ചിതസമയത്തിനു ശേഷം .
• ഏതെങ്കിലും പ്രത്യേക തരം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആ തരത്തില്‍ അല്ലാത്ത വാഹനങ്ങള്‍ .
• വികലാംഗര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിച്ചിട്ടുള്ള സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ .
• ഏതെങ്കിലും പ്രത്യേക രീതിയില്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് അതിനു വിരുദ്ധമായ രീതിയിലൊ കൂടുതല്‍ സ്ഥലം എടുക്കുന്ന രീതിയിലൊ .
Discussion about this post