നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നില്ല: പ്രചരണം വ്യാജമാണെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ആരോഗ്യസാമൂഹ്യനീതിവനിതാ ശിശുവികസന മന്ത്രി കെകെ ശൈലജ. താമസക്കാരെ മാറ്റുക മാത്രമാണിപ്പോള്‍. 200 പേര്‍ക്ക് താമസിക്കാവുന്ന മാതൃകാഹോമാണ് തൃശൂരില്‍ തയ്യാറാക്കിയത്. കുട്ടികള്‍ക്കായി ശാസ്ത്രീയ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണിതെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ എന്‍ജിഒകള്‍ നടത്തുന്ന ഹോമുകള്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വാടക കെട്ടിടങ്ങളിലാണ്. കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിദഗ്ധരുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ച് അഞ്ച് കോടി രൂപ മുതല്‍ മുടക്കി പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ബാലാവകാശ കമ്മിഷനും ഇത്തരം ഹോം ശുപാര്‍ശ ചെയ്തിട്ടുണ്ട്. 16 ന് മുകളില്‍ പ്രായമുളളവരെ തേജോമയ ഹോമിലേക്കാണ് മാറ്റുക.

വീടുകളിലേക്ക് തിരികെ പോകുന്ന കുട്ടികള്‍ക്ക് നിര്‍ഭയ മുഖേനയുള്ള സാമൂഹ്യാധിഷ്ഠിത പുനരധിവാസം നിംഹാന്‍സ് തയാറാക്കിയ പ്രോട്ടോക്കോള്‍ പ്രകാരം നടപ്പാക്കുന്നതിന് അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങി. രാജ്യത്ത് തന്നെ ആദ്യമാണ് ഇത്തരം സംവിധാനം.കൂടുതല്‍ പോസ്‌കോ കോടതികള്‍ വരുന്ന മുറയ്ക്ക് കുട്ടികള്‍ക്ക് അധിക കാലം ഹോമുകല്‍ കഴിയേണ്ടിവരില്ല.

വിചാരണ കാലയളവിലേക്കായാണ് ശാസ്ത്രീയമായ ഹോമുകള്‍ പ്രയോജനപ്പെടുക.നിര്‍ഭയ ഹോമുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ഏകീകൃത ഹോമുകള്‍. ഇവയുടെ അറ്റകുറ്റപ്പണികള്‍ അന്തിമഘട്ടത്തിലുമാണ്. വിവിധ പ്രായക്കാരെ പ്രത്യേക സെഷനുകളായാണ് താമസിപ്പിക്കുന്നത്. ദീര്‍ഘകാലയളവില്‍ മികച്ച പരിചരണം ഉറപ്പാക്കുന്നതിനാണ് തൃശൂരില ഹോം. കുടുംബാന്തരീക്ഷം നിലനിര്‍ത്തി ശാരീരികമാനസിക ഉല്ലാസം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തനം. മികച്ച വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങിയവ നല്‍കി സ്വയം പര്യാപ്തരാക്കി കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കുകയാണ് ലക്ഷ്യം.മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഹോമിന് പുറമെ 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് തേജോമയ, 12 ന് താഴെയുള്ളവര്‍ക്ക് എസ്ഒഎസ്., പഠിക്കുന്ന കുട്ടികള്‍ക്ക് തൃശൂര്‍ ഹോം എന്നിങ്ങനെ വിവിധ ഹോമുകളാണ് പ്രവര്‍ത്തിക്കുന്നത് മന്ത്രി വ്യക്തമാക്കി.

Exit mobile version