കോഴിക്കോട്: വിവാദമായ അഴീക്കോട് എംഎൽഎ കെഎം ഷാജിയുടെ ഭൂമി ഇടപാടിൽ ലീഗിലെ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപണമുന്നയിച്ച് ഐഎൻഎൽ. മുസ്ലിം ലീഗ് നേതാക്കളും എംഎൽഎമാരുമായ കെഎം ഷാജിക്കും എംകെ മുനീറിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഐഎൻഎൽ നേതാവ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകുകയും ചെയ്തു.
കെഎം ഷാജി കോഴിക്കോട് മാലൂർ കുന്നിൽ ഒരുകോടിയിലധികം രൂപയ്ക്ക് സ്ഥലം വാങ്ങിയതിൽ മുനീറിനും പങ്കുണ്ടെന്നാണ് ഐഎൻഎൽ നേതാവ് എൻകെ അബ്ദുൽ അസീസ് പരാതിയിൽ പറയുന്നത്. വേങ്ങേരിയിലെ വിവാദമായ വീടിരിക്കുന്ന സ്ഥലം ഷാജിയും മുനീറും ചേർന്നാണ് വാങ്ങിയതെന്നും 1.02 കോടി രൂപക്ക് വാങ്ങിയ വസ്തുവിന് 37 ലക്ഷം രൂപ മാത്രമാണ് ആധാരത്തിൽ കാണിച്ചതെന്നും പരാതിയിൽ പറയുന്നു.
ഈ ഭൂമി ഇടപാടിലൂടെ ഇരുവരം കള്ളപ്പണം വെളുപ്പിച്ചതായും പരാതിയിൽ പരാമർശമുണ്ട്. രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ഇരുവരും ചേർന്ന് ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് ആരോപണം.
അതേസമയം, കെഎം ഷാജിക്കെതിരെ വിജിലൻസ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണെന്ന് ആരോപിച്ച് ലീഗ് എംപി കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. നെറികെട്ട നിലപാടിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
Discussion about this post