കൊച്ചി: വ്യവസായ ഗാര്‍ഹിക മേഖലകള്‍ക്ക് പ്രയോജനപ്പെടുന്ന ഗെയ്ല്‍ പ്രകൃതിവാതക പദ്ധതിയുടെ പൈപ്പിടല്‍ പൂര്‍ത്തിയായതായി മന്ത്രി ഇപി ജയരാജന്‍. അവസാനഘട്ടമായി കാസര്‍കോട് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റര്‍ ദൂരം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ശനിയാഴ്ച രാത്രിയോടെയാണ് പൂര്‍ത്തീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ഗെയ്ല്‍ പൈപ്പ്ലൈന്‍ ആകെ 510 കിലോമീറ്ററാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. ഇതില്‍ 470 കിലോമീറ്റര്‍ സ്ഥാപിച്ചതും ഈ സര്‍ക്കാരാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ പൂര്‍ത്തീകരണം ഏറെ അഭിമാനകരമാണ്. ഇതോടെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കൂടിയാണ് നിറവേറുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2013 നവംബറില്‍ പണി പൂര്‍ണമായും നിര്‍ത്തി എല്ലാ കരാറുകളും റദ്ദാക്കിയ ഗെയ്ല്‍ 2015ല്‍ പദ്ധതി അവസാനിപ്പിച്ച് പിന്‍വാങ്ങാന്‍ ഒരുങ്ങിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ മംഗളൂരുവിലെ വ്യവസായശാലകളില്‍ വാതകമെത്തും. ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട്-വാളയാര്‍ 94 കിലോമീറ്ററില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. ഗെയ്ല്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഗാര്‍ഹിക ഉപയോഗങ്ങള്‍ക്കുള്ള പൈപ്ഡ് നാച്വറല്‍ ഗ്യാസും (പിഎന്‍ജി) വാഹനങ്ങളില്‍ ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്വറല്‍ ഗ്യാസും(സിഎന്‍ജി) ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും പുരോഗമിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ വന്നതോടെ നിലവിലുള്ള ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയതാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിലേക്ക് എത്തിച്ചത്. കൊച്ചിമുതല്‍ -മംഗലാപുരംവരെയുള്ള ഏഴ് സെക്ഷനില്‍ പുതിയ കരാര്‍ കൊടുത്ത് നിര്‍മാണം പുനരാരംഭിച്ചു. പദ്ധതി നിരീക്ഷിക്കാന്‍ പ്രത്യേക പ്രോജക്ട് സെല്ലും രൂപീകരിച്ചു. 2019 ജൂണില്‍ തൃശൂര്‍വരെയും 2020 ആഗസ്തില്‍ കണ്ണൂര്‍വരെയും ഗ്യാസ് എത്തി. 5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലാഭിക്കാനാകും. വാഹനങ്ങള്‍ക്ക് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി) ലഭിക്കുന്നതോടെ ഇന്ധനച്ചെലവ് ശരാശരി 20 ശതമാനവും കുറയും എന്നും മന്ത്രി പറഞ്ഞു.