നിലമ്പൂര്‍: ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് ആദ്യത്തെ ഗവേഷകനായി വിനോദ്. നിലമ്പൂര്‍ വനമേഖലയിലാണ് ചോലനായ്ക്കര്‍ തങ്ങി വരുന്നത്. ഏഷ്യന്‍ വന്‍കരയില്‍ തന്നെ അവശേഷിക്കുന്ന ഗുഹാവാസികളാണ് ഇവര്‍. ഈ വിഭാഗത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് വിനോദ്.
ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക അതിജീവനമാണ് ഗവേഷണ വിഷയം. കുസാറ്റിലെ ഡോ. പികെ ബേബിക്ക് കീഴിലാണ് വിനോദ് പിഎച്ച്ഡി പഠനം നടക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവേശനം നേടിയത്. വിനോദ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ അപ്ളൈഡ് ഇക്കണോമിക്സില്‍ എംഫില്‍ പൂര്‍ത്തീകരിച്ചിരുന്നു.
കരുളായി മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടെയും മകനാണ് വിനോദ്. 20 വര്‍ഷം മുന്‍പാണ് വിനോദ് വിദ്യാഭ്യാസത്തിനായി കാടിറങ്ങിയത്. കിര്‍ത്താഡ്സ് ഡയറക്ടറായിരുന്ന എന്‍ വിശ്വനാഥന്‍ നായരാണ് വിനോദിനെ വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൈപിടിച്ച് കൊണ്ടുവന്നത്. നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു പഠനം. പിന്നീട് നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക ഹൈസ്‌കൂളില്‍ നിന്ന് ഫസ്റ്റ്ക്ലാസോടെ എസ്എസ്എല്‍സി ജയിക്കുകയായിരുന്നു.
പിന്നാലെ വിനോദ് വീണ്ടും കാട്ടിലേക്ക് മടങ്ങി. ഊരിലെ മറ്റുള്ളവര്‍ക്കൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയിത്തുടങ്ങി. ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ് വിജയിച്ചിട്ടും പഠനം അവസാനിപ്പിച്ചതറിഞ്ഞ് അധ്യാപകര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഊരിലെത്തി. അവര്‍ നിര്‍ബന്ധിച്ചതോടെയാണ് വിനോദ് ഉപരിപഠനത്തിന് തയ്യാറായി രംഗത്തെത്തിയത്.
പത്തനംതിട്ട വടശ്ശേരിക്കര എംആര്‍എസിലായിരുന്നു ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം. 70 ശതമാനം മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് പാലേമേട് ശ്രീ വിവേകാനന്ദ കോളജില്‍ ബിരുദത്തിന് ചേര്‍ന്നു. ബിരുദാനന്ദര ബിരുദവും പൂര്‍ത്തിയാക്കി കുസാറ്റില്‍ എംഫില്ലിന് ചേര്‍ന്നു. ആദിവാസികളുടെ ഉന്നമനത്തിന് സഹായകരമാകുന്ന മികച്ച ഒരു ജോലിയാണ് വിനോദിന്റെ ഇനിയുള്ള ലക്ഷ്യം.