തിരുവനന്തപുരം: ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്.
ഇത്തവണ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ള വിതരണത്തിനുള്ള പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓഷധ ജലമാണ് വിതരണം നടത്തുക. പമ്പ ഗണപതി കോവിലിനടുത്താണ് കൗണ്ടര്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രത്തിലാണ് ജലം വിതരണം ചെയ്യുന്നത്. ഇതിനായി 200 രൂപ ഡെപ്പോസിറ്റ് ചെയ്യണം. ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പമ്പയിലെത്തി പാത്രം തിരികെ നല്‍കുമ്പോള്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കും. ചരല്‍മേട്, ജ്യോതി നഗര്‍, മാളികപ്പുറം എന്നിവിടങ്ങളില്‍ വെള്ളം നിറയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്.
സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സന്നിധാനത്ത് എത്തുമ്പോള്‍ മുതല്‍ വലിയ നടപ്പന്തല്‍, ലോവര്‍ തിരുമുറ്റം, അപ്പര്‍ തിരുമുറ്റം, മാളികപ്പുറം, പ്രസാദം കൗണ്ടറുകള്‍, അന്നദാന മണ്ഡപം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിനുള്ള മാര്‍ക്കിംഗ് നടത്തിയിട്ടുണ്ട്. അണു നശീകരണത്തിന്റെ ഭാഗമായി വലിയ നടപ്പന്തലിന്റെ തുടക്കത്തില്‍ ശുദ്ധജലം ഉപയോഗിച്ച് കാല്‍ കഴുകുന്നതിനുള്ള സംവിധാനവും ശേഷം സാനിറ്റെസര്‍ ഉപയോഗിച്ച് ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ നടക്കുന്ന സ്ഥലങ്ങളായ വലിയ നടപ്പന്തല്‍, ലോവര്‍ തിരുമുറ്റം, അപ്പര്‍ തിരുമുറ്റം, മാളികപ്പുറം, മാളികപ്പുറം തിരുമുറ്റം, ഫ്‌ലൈഓവര്‍, എന്നിവിടങ്ങളില്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് അണുവിമുക്തമാക്കും.
അന്നദാന മണ്ഡപം, ദേവസ്വം മെസ്, പോലീസ് മെസ്, ഭണ്ഡാരം എന്നിവിടങ്ങളില്‍ തെര്‍മ്മല്‍ വേപ്പറൈസേഷന്‍ ഫോഗിംഗ് മെഷീന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കും. 23 സ്ഥലത്ത് പെഡസ്ട്രിയല്‍ ടൈപ്പ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നെയ്‌ത്തേങ്ങ സ്വീകരിക്കുന്ന സ്ഥലം, സ്റ്റാഫ് ഒണ്‍ലി ഗേറ്റ്, എക്‌സിക്യൂട്ടീവ് ഓഫീസിനു മുന്‍വശം, എന്നിവിടങ്ങളില്‍ സെന്‍സറുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിക്കും. തൊഴിലാളികള്‍ക്ക് എല്ലാവര്‍ക്കും മാസ്‌കും, ഗ്ലൗസും നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകരോട് നേരിട്ട് ഇടപഴകേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് ഫേസ് ഷീല്‍ഡും നല്‍കിയിട്ടുണ്ട്. അന്നദാന മണ്ഡപത്തില്‍ ഓരോ തവണ ആഹാരം കഴിച്ചതിനു ശേഷവും അണുവിമുക്തമാക്കും.
ശൗചാലയങ്ങള്‍ ഓരോ വ്യക്തികള്‍ ഉപയോഗിച്ചു കഴിയുമ്പോഴും അണുവിമുക്തമാക്കും. മാസ്‌കും, ഗ്ലൗസും ഇടുന്നതിനായി ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രോഗം കണ്ടെത്തുന്ന തീര്‍ത്ഥാടകരെ നാട്ടില്‍ എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. സിഎഫ് എല്‍ടിസിയില്‍ ചികിത്സ വേണ്ടവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തും. ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഗ്ഗീയ ശക്തികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും, പ്രാദേശിക മാധ്യമങ്ങള്‍ വഴിയും ശബരിമലക്കെതിരേ വാര്‍ത്ത പടച്ചു വിട്ടിരുന്നു. അവയെല്ലാം വിശ്വാസ സമൂഹം തള്ളിക്കളയുകയാണ് ചെയ്തതെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.
പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയില്‍ അഞ്ച് അടിയന്തിര ഘട്ട വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 20 ആംബുലന്‍സുകളും ആരോഗ്യ വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ആയുര്‍വേദ വകുപ്പ് പമ്പ, എരുമേലി, സന്നിധാനം എന്നിവിടങ്ങളില്‍ താല്‍ക്കാലിക ഡിസ്പന്‍സറികള്‍ ആരംഭിച്ചു. വനം വകുപ്പ് പമ്പാ, സന്നിധാനം എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അയ്യപ്പസേവാസംഘത്തിന്റെ എട്ട് സ്ട്രച്ചറുകളും, 60 വാളണ്ടിയര്‍മാരും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
Discussion about this post