തിരുവനന്തപുരം: ഇനിമുതല്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ വെളുത്ത മുഖമക്കന ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദേശം നല്കി. കുട്ടികളുടെ സുരക്ഷിതത്വത്തിന് ഇത് ആവശ്യമാണെന്ന് കാട്ടി റോഡ് സുരക്ഷാ അതോറിറ്റി കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെള്ള നിറത്തിലുള്ളവ ഉപയോഗിക്കണം. അതിരാവിലെയും ഇരുളുന്ന സമയത്തും മദ്രസകളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായും പുറത്ത് പോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ബാലാവകാശ കമ്മീഷന് വ്യക്തമാക്കുന്നത്.
വെളിച്ചക്കുറവുള്ള സമയങ്ങളില്‍ കറുത്ത മക്കനയും പര്‍ദ്ദയും ധരിച്ച് കുട്ടികള്‍ റോഡിലൂടെ നടക്കുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഇവരെ പെട്ടെന്ന് കാണാനാകാത്ത സംഭവങ്ങളുണ്ടാകുന്നുവെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകാമെന്നും കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ വ്യക്തമായി കാണാവുന്ന വെളുത്ത നിറത്തിലുള്ള മക്കന ധരിക്കേണ്ടതുണ്ടെന്ന് പട്ടാമ്പി ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മദ്രസ അധ്യാപകര്‍ക്ക് നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് ഇക്കാര്യം ബാലാവകാശ കമ്മീഷനും ശരിവെച്ചത്.
ഇതുസംബന്ധിച്ച് റോഡ് സുരക്ഷാ ക്ലാസുകളിലൂടെയും അല്ലാതെയും പ്രചരണം നടത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. എല്ലാ മദ്രസകളും മറ്റ് സ്ഥാപനങ്ങളും നിര്‍ദേശം കൃത്യമായി നടപ്പാക്കാന്‍ ഇടപെടണമെന്ന് കമ്മീഷന് അംഗങ്ങള്‍ കേരള വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറോടും നിര്‍ദേശിച്ചു.
Discussion about this post