വസ്ത്രങ്ങള്‍ മുതല്‍ വിവാഹച്ചെലവു വരെ ഏറ്റെടുത്ത് സുമനസ്സുകള്‍, നാടൊന്നിച്ച് നടത്തുന്നു അനിതയുടെ വിവാഹം, വേറിട്ട വിവാഹാഘോഷത്തിന് സാക്ഷ്യംവഹിക്കാനൊരുങ്ങി സായി സ്‌നേഹതീരം

പെരിന്തല്‍മണ്ണ: ‘ചേച്ചിക്കുട്ടിയു’ടെ വിവാഹം നടക്കുന്നതിന്റെ സന്തോഷത്തിലാണ് 60ഓളം ആദിവാസിക്കുട്ടികള്‍. എന്നാല്‍ ചേച്ചി തങ്ങളെ വിട്ടുപിരിയുന്നതിന്റെ സങ്കടവും അവര്‍ക്കുണ്ട്. അമ്മിനിക്കാട് മുള്ളന്മട കോളനിയിലെ പരേതനായ ചാത്തെന്റയും ലീലയുടെയും മകള്‍ അനിതയുടെ വിവാഹമാണ് സാമൂഹിക പ്രവര്‍ത്തകരുടെ തണലില്‍ തിങ്കളാഴ്ച നടക്കുന്നത്.

വേറിട്ട വിവാഹാഘോഷത്തിന് സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുകയാണ് പെരിന്തല്‍മണ്ണയിലെ സന്നദ്ധ, സാമൂഹിക പ്രവര്‍ത്തകര്‍. പെരിന്തല്‍മണ്ണ സായി സ്‌നേഹതീരത്തില്‍ രാവിലെ 11ന് നടക്കുന്ന കോവിഡ് മാനദണ്ഡം പാലിച്ചുള്ള ചടങ്ങില്‍ കണ്ണൂര്‍ സ്വദേശിയായ ജിതേഷാണ് മിന്നുകെട്ടുക.

കരിപ്പാല്‍ കല്ലമ്പള്ളി വീട്ടില്‍ കെ.കെ. കരുണാകരന്‍-ഓമന ദമ്പതികളുടെ മകനാണ്. ആദിവാസിക്ഷേമത്തിനും വിദ്യാര്‍ഥികളുടെ പഠനത്തിനും നേതൃത്വം നല്‍കുന്ന സംരക്ഷണകേന്ദ്രമായ സായി സ്‌നേഹതീരത്തിലെ സഹായിയാണ് അനിത. സ്‌നേഹതീരം ഭാരവാഹിയും ആദിവാസിക്ഷേമ പ്രവര്‍ത്തകനുമായ കെ.ആര്‍. രവിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനാവശ്യമായ കാര്യങ്ങള്‍ ഒരുക്കുന്നത്.

ഇതിനായി തുടങ്ങിയ വാട്‌സ് ആപ് ഗ്രൂപ്പിലൂടെ നാടിന്റെ വിവിധ മേഖലകളിലെ വ്യക്തികളും സന്നദ്ധസേവന സംഘടനകളും സായി സ്‌നേഹതീരത്തിലെത്തി സംഭാവനകള്‍ നല്കി. എല്ലാ പിന്തുണകളും അനുഗ്രഹങ്ങളുമായി നാടൊന്നാകെ വിവാഹം മംഗളമാക്കാനുള്ള തയാറെടുപ്പിലാണ്.

വ്യക്തികളും സ്ഥാപനങ്ങളും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, അധ്യാപക സംഘടനകളും സംഭാവനയും അനുഗ്രഹവുമായെത്തി. പിറന്നാള്‍ ആഘോഷത്തിന് മാറ്റിവെച്ച തുക വിവാഹച്ചെലവിലേക്ക് നല്‍കി വിദ്യാര്‍ഥിയെത്തി. വസ്ത്രങ്ങളും മറ്റും എത്തിച്ചതിനൊപ്പം വിവാഹസദ്യവരെ പലരും ഏറ്റെടുത്തിട്ടുണ്ട്.

Exit mobile version