കുതിരാന്‍: ദേശീയപാത സര്‍വീസ് റോഡ് നിര്‍മാണത്തിനിടയില്‍ മലമ്പാമ്പ് ചത്ത സംഭവത്തില്‍ മണ്ണുമാന്തിയന്ത്രവും മറുനാടന്‍ ഡ്രൈവറെയും വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാള്‍ സ്വദേശി കാജി നസ്രുല്‍ ഇസ്ലാമി (21)യാണ് കസ്റ്റഡിയിലായത്.
ദേശീയപാതയില്‍ വഴുക്കുമ്പാറ മുതല്‍ കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ സര്‍വീസ് റോഡ് നിര്‍മിക്കുന്നതിനിടയിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11-ന് കൂട്ടിയിട്ട കല്ലുകള്‍ നീക്കംചെയ്യുന്നതിനിടയിലാണ് കല്ലിനിടയില്‍നിന്ന് മലമ്പാമ്പ് പുറത്തേക്കുവന്നത്. കല്ല് നീക്കിയപ്പോള്‍ മലമ്പാമ്പിന് മുറിവേറ്റിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ മലമ്പാമ്പ് പിന്നീട് ചത്തു. ഇതോടെ സര്‍വീസ് റോഡ് നിര്‍മാണവും മുടങ്ങി കിടക്കുകയാണ്.