ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ എഴുതിയ പുസ്തകം വായിച്ചുവെന്നും അതില്‍ ഒരിടത്തുപോലും നരേന്ദ്ര മോഡി എന്ന പേര് പരാമര്‍ശിച്ചിട്ടേയില്ലെന്നും ശശി തരൂര്‍ എംപി. ഒബാമ എഴുതിയ എ പ്രോമീസ് ലാന്റ് എന്ന പുസ്തകം വായിച്ച ശേഷം ഫേസ്ബുക്കിലൂടെ അഭിപ്രായം പങ്കുവെക്കുകയായിരുന്നു ശശി തരൂര്‍.
അഡ്വാന്‍സ് കോപ്പിയായി ലഭിച്ച പുസ്തകം താന്‍ വായിച്ചെന്നും, കാര്യമായൊന്നുമില്ല. അതിലും വലിയ കാര്യം: 902 പേജില്‍ എവിടെയും നരേന്ദ്ര മോഡി എന്ന പേര് പരാമര്‍ശിച്ചിട്ടേയില്ലെന്നും തരൂര്‍ പറയുന്നു. ഒപ്പം ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെ വളരെ നന്നായി ആ പുസ്തകത്തില്‍ പ്രശംസിച്ചിട്ടുണ്ടെന്ന് ആ വരികള്‍ പരാമര്‍ശിച്ച് തരൂര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബാരക് ഒബാമ എഴുതിയ എ പ്രോമീസ് ലാന്റ് എന്ന പുസ്തകം അഡ്വാന്‍സ്ഡ് കോപ്പി ആയി എനിക്ക് കിട്ടി. അത് മുഴുവന്‍ വായിച്ചു നോക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയെക്കുറിച്ച് പറഞ്ഞയിടങ്ങള്‍ മുഴുവന്‍ വായിച്ചു തീര്‍ത്തു. ഒരു കാര്യം: കാര്യമായൊന്നുമില്ല. അതിലും വലിയ കാര്യം: 902 പേജില്‍ എവിടെയും നരേന്ദ്ര മോദി എന്ന പേര് പരാമര്‍ശിച്ചിട്ടേയില്ല.
ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെ വളരെ നന്നായി ആ പുസ്തകത്തില്‍ പ്രശംസിച്ചിട്ടുണ്ട് ‘ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനായ’ ‘തികച്ചും അസാധാരണമായ മാന്യതയുള്ള ഒരു വ്യക്തിത്വം’ വിദേശ നയങ്ങളില്‍ വളരെ ശ്രദ്ധാലുവായ അദ്ദേഹത്തോടൊപ്പം ‘തികച്ചും ഊഷ്മളമായ, ഉത്പാദകമായ സൗഹൃദം ആസ്വദിച്ചു’ എന്നെല്ലാം അദ്ദേഹം ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെക്കുറിച്ച് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിഗണനയും ബഹുമാനവും ആ വാചകങ്ങളിലുടനീളം നിഴലിച്ചിട്ടുണ്ട്.
‘എല്ലാറ്റിലുമുപരി, ഇന്ത്യയെക്കുറിച്ചുള്ള എന്റെ കൗതുകം മഹാത്മാഗാന്ധിയില്‍ തുടങ്ങുന്നു. ലിങ്കണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, മണ്ടേല എന്നിവരോടൊപ്പം ഗാന്ധിയും എന്റെ ചിന്തകളെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ, അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് ഇന്ത്യയിലുള്ള അക്രമ പരമ്പരകളും, ജനങ്ങളുടെ അത്യാര്‍ത്തിയും, അഴിമതിയും, സങ്കുചിത ദേശീയതയും, വര്‍ഗീയതയും, സാമുദായിക അസഹിഷ്ണുതയുമാണ്.
വളര്‍ച്ചാ നിരക്കില്‍ പ്രശ്‌നം വരുമ്പോഴും, കണക്കുകളില്‍ മാറ്റം വരുമ്പോഴും, ഒരു ആകര്‍ഷണീയനായ നേതാവ് ഉയര്‍ന്ന് വരുമ്പോഴും, അവര്‍ ജനങ്ങളുടെ വികാരം കൊണ്ടും ഭയം കൊണ്ടും നീരസം കൊണ്ടും കളിക്കാന്‍ കാത്തിരിക്കുന്നവരാണ്. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഒരു മഹാത്മാഗാന്ധി അവര്‍ക്കിടയിലില്ലാതെ പോയി.
ഇത്തരം പ്രതിഫലനങ്ങളെല്ലാം അവഗണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പിലെ ഒരു വാചകം വെച്ച് കൊണ്ട് സംഘികള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ മാനസികാവസ്ഥ സത്യത്തില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഒബാമ മടങ്ങി വന്ന് മന്‍മോഹന്‍ സിംഗിന് ശേഷമുള്ള ഇന്ത്യയുടെ അവസ്ഥ പ്രതിപാദിക്കുന്ന ഒരു രണ്ടാം വോള്യം വായിച്ചാലുള്ള അവരുടെ മാനസികാവസ്ഥ ഊഹിക്കാന്‍ കഴിയുന്നതല്ല.