കാസർകോട്: കാസർകോട്ടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ 61 കേസുകളിൽ കൂടി അറസ്റ്റിൽ. 110ലേറെ വഞ്ചനാ കേസുകളാണ് എംഎൽഎയ്ക്ക് എതിരെ ഉള്ളത്. ചന്തേരയിലെ 53 കേസുകളിലും കാസർകോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്.
അതേസമയം, തിങ്കളാഴ്ച അന്വേഷണസംഘം കമറുദ്ദീന്റെ കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചേക്കും. നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു കേസുകൾ കൂടി പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2015ൽ നിക്ഷേപിച്ച 401 ഗ്രാം സ്വർണ്ണം തിരികെ ലഭിച്ചില്ലെന്ന് നീലേശ്വരം സ്വദേശിനിയും 2016ൽ നിക്ഷേപിച്ച ആറുലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന് തൃക്കരിപ്പൂർ സ്വദേശിനിയുമാണ് പരാതി നൽകിയിരിക്കുന്നത്.
എംസി കമറുദ്ദീൻ എംഎൽഎ ഒന്നാം പ്രതിയായ കേസിൽ ജ്വല്ലറി മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങളാണ് രണ്ടാം പ്രതി. ഇയാൾ തുടർച്ചയായ എട്ടാം ദിവസവും ഒളിവിലാണ്. ഇതിനിടെ, മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവരുടെ പരാതിയിലാണ് എംഎൽഎക്കെതിരെ നൂറിലേറെ കേസുകൾ.
Discussion about this post