ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വികെ ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എംഎന്‍ രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ സോപാനത്താണ് ചടങ്ങുകള്‍. രാത്രി നട അടച്ചതിന് ശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എകെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എംഎസ് പരമേശ്വരന് നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും.
വൃശ്ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുക. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം തിരുവാഭരണം ദര്‍ശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം അറിയിച്ചു. വലിയതമ്പുരാന്‍ രേവതിനാള് പി രാമവര്‍മ്മരാജയുടേയും മുതിര്‍ന്ന അംഗങ്ങളുടേയും നിര്‍ദേശപ്രകാരമാണിത് എന്നാണ് കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി പിഎന്‍ നാരായണ വര്‍മ്മ അറിയിച്ചത്.
Discussion about this post