തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചുമത്തിയിരുന്ന പിഴത്തുക കുത്തനെ കൂട്ടി. പൊതുസ്ഥലത്തോ വഴിയിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കുള്ള പിഴയും 200-ല്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി.
മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തിറങ്ങുന്നവര്‍ക്കുള്ള പിഴ 200 ല്‍നിന്ന് 500 രൂപയാക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നേരത്തേ പാസാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു.
സംസ്ഥാനത്താകമാനം കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. എന്നാല്‍ പലയിടങ്ങളിലും ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാര്യമാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പിഴത്തുക ഉയര്‍ത്തുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹച്ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5000 രൂപ പിഴ നല്‍കണം.
നേരത്തെ ഇത് 1000 രൂപയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ.സാമൂഹിക കൂട്ടായ്മകള്‍, ധര്‍ണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം- എന്നിവയ്ക്ക് 3000 രൂപ പിഴ നല്‍കണം.
ക്വാറന്റീന് ലംഘനം 2000, കൂട്ടംചേര്‍ന്ന് നിന്നാല്‍ 5000, നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറന്നാല്‍ 2000 ,ലോക്ഡൗണ്‍ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.
Discussion about this post