തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ തുടർചികിത്സയ്ക്കായി പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും അവധി എടുത്തതിനെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക് എതിരെ സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണൻ. ചികിത്സയ്ക്കായി അവധി എടുക്കുന്നതും ചുമതല മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗത്തെ ഏൽപ്പിക്കുന്നതും ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായൊരു നടപടി മാത്രമാണ്. കോടിയേരി ബാലകൃഷ്ണൻ അർബുദ രോഗിയാണെന്നും വിദേശത്തു ചികിത്സ നടത്തിയതാണെന്നും തുടർചികിത്സയും വിശ്രമവും ആവശ്യമാണെന്നും അറിയാത്തവരാണോ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കളെന്ന് കെടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നു.
അംബാനിമാരുടെയും അദാനിമാരുടെയും താല്പര്യങ്ങൾക്ക് ഭീഷണിയാവുന്ന ബദൽ നയങ്ങളുടെ ഭാഗമായ കേരളത്തിന്റെ വികസന പദ്ധതികളെ കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് തകർക്കുകയാണെന്നും ഇടതു പക്ഷ സർക്കാറിനെയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താനായി കോർപ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ച് കേന്ദ്ര ഏജൻസികൾ പരസ്പര വിരുദ്ധമായ വിവരങ്ങളും നുണകളും പടച്ചുവിടുകയാണെന്നും അ്ദദേഹം ആരോപിക്കുന്നു.
കെടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പാർടി സെക്രട്ടറി ചികിത്സക്കായി അവധി എടുക്കുന്നതും ചുമതല മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗത്തെ ഏല്പിക്കുന്നതും ഒരു കമ്യൂണിസ്റ്റു പാർട്ടിയി സംബന്ധിച്ചടുത്തോളം സ്വാഭാവികമായൊരു നടപടി മാത്രമാണ്. കോടിയേരി ബാലകൃഷ്ണൻ അർബുദ രോഗിയാണെന്നും വിദേശത്തു ചികിത്സ നടത്തിയതാണെന്നും തുടർചികിത്സയും വിശ്രമവും ആവശ്യമാണെന്നും അറിയാത്തവരാണോ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ .
രോഗചികിത്സയെ പോലും വിവാദമാക്കാൻ നോക്കുന്നവരുടെ മനോനില ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് പറയാതിരിക്കാനാവില്ല… ഒരു തരം സാഡിസമാണത്. സഖാവ് കോടിയേരിയുടെ രാഷ്ട്രീയ ജീവിതം ഏതൊരു കമ്യൂണിസ്റ്റു വിപ്ലവകാരിയുടേതും പോലെ സമരോത്സുക വും ത്യാഗനിർഭരവുമാണ്. വിദ്യാർത്ഥി പ്രസ്ഥാനം തൊട്ടുള്ള കാലത്തെ സമരാനുഭവങ്ങളിലൂടെയാണ് അദ്ദേഹം കേരള രാഷ്ട്രീയത്തിലേക്ക് ഉയർന്നുവന്നത്. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ഇല്ലാതാക്കാനും കേരളത്തിന്റെ മതനിരപേക്ഷ സാമൂഹ്യാന്തരീക്ഷത്തെ തകർക്കാനുമായി മംഗലാപുരം കേന്ദ്രമായ ബ്രാഹ്മണ മുതലാളിമാരും അവരുടെ ഗുണ്ടാസംഘമായ ആർ എസ് എസുംനടത്തിയ ആക്രമണങ്ങളെ നേരിട്ടു കൊണ്ടാണ് അദ്ദേഹം കണ്ണൂരിലെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനായി വളർന്നത്. കേരളത്തെ ലക്ഷ്യം വെച്ച് ആർ എസ് എസ് ആവിഷ്‌ക്കരിച്ച വർഗീയകലാപങ്ങളുടെ പരീക്ഷണ ഭൂമിയായ തലശ്ശേരിയിൽ മതനിരപേക്ഷ രാഷ്ടിയം കൊണ്ടു പ്രതിരോധം തീർത്ത ഒരു തലമുറയുടെ പ്രതിനിധിയാണദ്ദേഹം. ന്യൂനപക്ഷവിഭാഗങ്ങൾക്ക് ആത്മവിശ്വാസം പകർന്ന ഇടതുപക്ഷ രാഷ്ട്രിയത്തിന്റെ കരുത്തനായ നേതാവ്. ചെറുകോൽപുഴ പദ്ധതി തൊട്ടുള്ള ആർ എസ് എസ് അജണ്ടകളെ മുഖാമുഖം നേരിട്ടും ചെറുത്തുമാണ് ആർ എസ് എസിന്റെ വർഗീയവൽക്കരണത്തെ ഈ കേരളത്തിന്റെ മണ്ണിൽ പ്രതിരോധിച്ചത്.അതൊക്കെ കൊണ്ടു തന്നെ, എന്നും ആർ എസ് എസിന്റെ ഹിറ്റ്‌ലിസ്റ്റിലാണ് കോടിയേരിയെ പോലുള്ള കമ്യൂണിസ്റ്റു നേതാക്കൾ …. ഹിന്ദുത്വ വാദികൾക്ക് കേരളം ബാലികേറാമലയായി നിലനില്ക്കുന്നതും ജനാധിപത്യ പ്രതിരോധത്തിന്റെ നെടുംതൂണായി കമ്യൂണിസ്റ്റുകാർ ഇവിടെ ഉള്ളത് കൊണ്ടാണ്.
കോർപ്പറേറ്റു മൂലധനത്തിന്റെ പിൻബലത്തിൽ ദേശീയാധികാരം കയ്യാളുന്ന സംഘികൾ അവരുടെ രാജ്യദ്രോഹ ജനദ്രോഹ നയങ്ങളെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് വേട്ടയാടുകയാണ്.അംബാനിമാരുടെയും അദാനിമാരുടെയും താല്പര്യങ്ങൾക്ക് ഭീഷണിയാവുന്ന ബദൽ നയങ്ങളുടെ ഭാഗമായ കേരളത്തിന്റെ വികസന പദ്ധതികളെ കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് തകർക്കുകയാണു.ഇടതു പക്ഷ സർക്കാറിനെയും സി പി ഐ എം നെയും അപകീർത്തിപ്പെടുത്താനായി കോർപ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ച് കേന്ദ്ര ഏജൻസികൾ പരസ്പര വിരുദ്ധമായ വിവരങ്ങളും നുണകളും പടച്ചുവിടുകയാണ്