തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തിന് ഇടയിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കിയ ശോഭ സുരേന്ദ്രന്റെ നിലപാടുകൾ മയപ്പെടുത്താൻ ഫോർമുല ഒരുങ്ങുന്നു. ഇടഞ്ഞു നില്ക്കുന്ന ശോഭ സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനായി ഒത്തുതീർപ്പിന് കളമൊരുങ്ങി. ശോഭ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമങ്ങളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശോഭ സുരേന്ദ്രനൊപ്പം മറ്റൊരു നേതാവായ പിഎം വേലായുധന്റെ പിണക്കം തീർക്കാനും നീക്കമുണ്ടായേക്കും. എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായി പോയ ഒഴിവിൽ പിഎം വേലായുധനെ പരിഗണിക്കാനാണ് ആലോചന.
അതേസമയം, പരസ്യപ്രതികരണം നടത്തിയവരുടെ ആവശ്യങ്ങൾക്ക് വഴങ്ങുന്നത് പിന്നീട് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും ഔദ്യോഗിക പക്ഷത്തിനുണ്ട്. ദേശീയ നേതൃത്വം സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് നിർദേശം മുന്നോട്ട് വെച്ചതോടെയാണ് പുതിയ സമവായ നീക്കങ്ങൾ. കൂടാതെ പെട്ടെന്ന് പ്രശ്നപരിഹാരം വേണമെന്ന് ആർഎസ്എസും ബിജെപിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. നിലവിൽ കണ്ടെത്തിയ ഒത്തുതീർപ്പ് ഫോർമുലയിൽ ആർഎസ്എസും തൃപ്തരാണെന്നാണ് സൂചന. അന്തിമ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊള്ളും.
നേരത്തെ ഉപാധ്യക്ഷനായിരുന്ന എഎൻ രാധാകൃഷ്ണനെ കോർ കമ്മിറ്റി അംഗമാക്കിയും സമാനമായ രീതിയിലുണ്ടായ പ്രശ്നത്തിന് പരിഹാരം കണ്ടിരുന്നു.
Discussion about this post