തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാർത്ഥത്തിൽ മുഖ്യമന്ത്രിയാണ് ആദ്യം രാജി വെക്കേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നത്. ആദ്യം മുഖ്യമന്ത്രിയായിരുന്നു രാജി വെക്കേണ്ടിയിരുന്നത് ചെന്നിത്തല പറഞ്ഞു. പാർട്ടി വേറെ മകൻ വേറെ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അത് അങ്ങനെയല്ലെന്നും രണ്ടും ഒന്നാണെന്നും എല്ലാവർക്കും ബോധ്യപ്പെട്ടിരുന്നെന്നും ചെന്നിത്തല പരിഹസിച്ചു.
മുമ്പ് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ കോടിയേരി സ്ഥാനം ഒഴിഞ്ഞിരുന്നില്ലെന്നും ഇപ്പോൾ പൊടുന്നനെ സ്ഥാനം രാജിവെക്കുന്നത് പാർട്ടിക്ക് അകത്തെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണെന്നും ചെന്നിത്തല ആരോപിച്ചു. ഇതുപോലൊരു അവസ്ഥയും പാർട്ടിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പാർട്ടി സെക്രട്ടറിയുടെ സ്ഥാനം ഒഴിയൽ മാത്രം പോര മുഖ്യമന്ത്രി രാജിവെച്ച് ഒരു മാതൃകയാണ് കാട്ടേണ്ടത്. അല്ലെങ്കിൽ കൂടുതൽ അപമാനം സഹിച്ചുകൊണ്ട് പുറത്തു പോകേണ്ട അവസ്ഥ വരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെച്ച് ജനവിധി തേടാൻ തയ്യാറാവുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.