തുടർചികിത്സ ആവശ്യമുള്ളതിനാൽ കോടിയേരി അവധി ആവശ്യപ്പെട്ടു; ചികിത്സാകാലയളവ് അനുസരിച്ചാണ് അവധിയെന്നും എംവി ഗോവിന്ദൻ

തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കാൻ കോടിയേരി ബാലകൃഷ്ണൻ സ്വമേധയാ അവധി ആവശ്യപ്പെടുകയായിരുന്നു എന്ന് സിപിഎം നേതാവ് എംവി ഗോവിന്ദൻ. കോടിയേരിക്ക് തുടർച്ചയായ ചികിത്സ ആവശ്യമുള്ളതിനാൽ അവധി ആവശ്യപ്പെട്ടതു പ്രകാരമാണ് എ വിജയരാഘവന് താത്ക്കാലിക ചുമതല നൽകിയതെന്നും അദ്ദേഹം പ്രതികരിച്ചു.

‘തനിക്ക് തുടർച്ചയായ ചികിത്സ ആവശ്യമുണ്ടെന്നും അതിനാൽ ചികിത്സയ്ക്ക് അവധി ആവശ്യമാണെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അതംഗീകരിക്കുകയും തുടർ ചികിത്സയ്ക്ക് അനുവാദം നൽകുകയുമാണ് ചെയ്തത്. കോടിയേരി ബാലകൃഷ്ണന് നിലവിലെ അവസ്ഥയിൽ പാർട്ടി സെക്രട്ടറി ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എ വിജയരാഘവന് ആ ചുമതല നൽകിയത്’,-എംവി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.

അതേസമയം. കോടിയേരിയുടെ അവധി എത്ര കാലത്തേക്കാണ് എന്ന ചോദ്യത്തിന് ചികിത്സ എത്രകാലമാണോ അതിനനുസരിച്ചാണ് അവധിയെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. മകനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അദ്ദേഹം ഇതിനു മുമ്പ് വ്യക്തമാക്കിയതാണെന്നും പാർട്ടിയെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നതോടെയാണ് വിശദീകരണവുമായി എംവി ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടത്.

Exit mobile version