ഒടുവില്‍ അമ്മയുടെ വിയോഗം അറിഞ്ഞു, പോലീസ് വലയത്തില്‍ നില്‍ക്കുന്ന അച്ഛനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് മകന്‍, മകനെ ചേര്‍ത്ത് ഒപ്പം കണ്ണീര്‍വാര്‍ത്ത് അച്ഛനും, കട്ടപ്പനയില്‍ കരളലിയിപ്പിക്കുന്ന നിമിഷങ്ങള്‍

കട്ടപ്പന: ഒടുവില്‍ താലൂക്ക് ആശുപത്രിയില്‍വച്ച് അവന്‍ അറിഞ്ഞു അമ്മയുടെ വിയോഗം. പോലീസ് വലയത്തില്‍ എത്തിയ അച്ഛനെയും കണ്ടതോടെ സങ്കടം താങ്ങാനാവാതെ അവന്‍ പൊട്ടിക്കരഞ്ഞു. അച്ഛനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കരഞ്ഞതോടെ അച്ഛന്റെയും നിലവിട്ടു. മകനെ ചേര്‍ത്ത് നിര്‍ത്തി പിതാവും വിങ്ങിപ്പൊട്ടി. ഏവരുടെയും നെഞ്ചകം തകര്‍ക്കുന്ന നിമിഷങ്ങള്‍ കൂടിയായിരുന്നു അത്.

അന്ത്യകര്‍മ്മങ്ങള്‍ക്കു തൊട്ടു മുന്‍പാണ് അമ്മയുടെ വിയോഗ വിവരം അവന്‍ അറിഞ്ഞത്. പാറശാല മുരിയങ്കര കുവരക്കുവിള സജുവിന്റെയും ബിന്ദുവിന്റെയും പന്ത്രണ്ടുകാരനായ മകനാണ് ഇപ്പോള്‍ ചോദ്യചിഹ്നവും ഒപ്പം കണ്ണീരായി മാറിയിരിക്കുന്നത്. മാല മോഷണക്കേസില്‍ ഭര്‍ത്താവിനെ അറസ്റ്റുചെയ്ത വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ആലടിയിലെ വാടകവീട്ടില്‍ ബിന്ദു(40) തൂങ്ങിമരിച്ചത്. അമ്മ ആത്മഹത്യചെയ്ത വിവരം അറിയിക്കാതെ മൂന്നുദിവസമായി അയല്‍വീട്ടില്‍ താമസിപ്പിച്ചിരുന്ന കുട്ടിയെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരാണ് അമ്മയെ കാണിക്കാന്‍ കൊണ്ടുവന്നത്.

അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുവന്നത്. പോസ്റ്റ്‌മോര്‍ട്ടം നടന്ന ആശുപത്രിയില്‍ എത്തിക്കുന്നതിനു തൊട്ടുമുന്‍പ് മരണ വാര്‍ത്ത അറിയിക്കുകയായിരുന്നു. റിമന്‍ഡില്‍ കഴിഞ്ഞിരുന്ന സജുവുമായി പൊന്‍കുന്നത്തുനിന്ന് പോലീസ് സംഘവും ആശുപത്രിയില്‍ എത്തിയിരുന്നു. ശാന്തിതീരം പൊതുശ്മശാന കവാടത്തില്‍ അച്ഛനെ സാക്ഷിയാക്കി അവന്‍ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു. ശേഷം, ചൈല്‍ഡ്ലൈന്‍ ഏറ്റെടുത്ത അവന്‍ മുരിക്കാശേരിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. സജു ജയിലിലേക്കും.

Exit mobile version