ബേക്കല്‍: നടി ആക്രമിക്കപ്പെട്ട കേസിലെ മൊഴിമാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്. സിസിടിവി ദൃശ്യങ്ങളും ചില തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഭിച്ച ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായി വിപിന്‍ലാലിനെ തേടി കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ എത്തിയത്. തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ പ്രദീപ് എന്നാല്‍ വിപിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി.
ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും വിപിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കത്തുകളിലൂടേയും സമ്മര്‍ദം തുടര്‍ന്നു. സമ്മര്‍ദം കടുത്തതോടെ സെപ്തംബര്‍ 26ന് വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്കി.
അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായതോടെ സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Discussion about this post