തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ലാപ്‌ടോപ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിയായ ഐടി വിദഗ്ധന് നഷ്ടമായത് മൂന്ന് ലക്ഷത്തിലധികം രൂപ. ആലിബാബയുടെ സൈറ്റ് വഴി ലാപ്‌ടോപ് ബുക്ക് ചെയ്തപ്പോഴാണ് പണം നഷ്ടമായത്.
ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായ യുവാവ് കഴിഞ്ഞ മാസമാണ് ആലിബാബയുടെ സൈറ്റ് വഴി ലാപ്ടോപ് ഓര്‍ഡര്‍ ചെയ്തത്. ഇന്‍ഫിനിറ്റി ഇലക്ട്രോണിക് വേള്‍ഡാണ് ആലിബാബയില്‍ ലാപ്ടോപിന്റെ വിതരണക്കാര്‍. അമേരിക്കയില്‍ നിന്ന് ലാപ്ടോപ് എത്തിച്ചുനല്‍കാമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഇതിനായി 322000 രൂപയാണ് ആവശ്യപ്പെട്ടത്. വാട്സ്ആപ്പ് വഴി അയച്ചു നല്‍കിയ അക്കൗണ്ടിലേക്ക് യുവാവ് പണം നല്‍കുകയും ചെയ്തു.
എന്നാല്‍ പിന്നീട് കൂടുതല്‍ തുക ആവശ്യപ്പെട്ട് സന്ദേശം വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ക്ക് ഫ്രം ഹോമിലായിരുന്ന പല ഐടി ജീവനക്കാരും സമാനമായ തട്ടിപ്പിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ ക്രൈം പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
സിയാമെന്‍ വിസെല്‍ ടെക്നോളജി, ടെയ്ലര്‍ ഹോസ്റ്റ്, സെഞ്ചുറി ടെക്നോളജി, സിറ്റി ഇലക്ട്രോണിക്സ് പാകിസ്താന്‍ തുടങ്ങി വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കായി ആലിബാബ വഴി ബുക്ക് ചെയ്ത നിരവധി പേരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. പലരും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിട്ടും പരാതി പോലും നല്‍കിയിട്ടില്ല. അതേസമയം ഓണ്‍ലൈന്‍ വഴി പണം കൈമാറ്റം നടത്തുന്നവര്‍ അതിന്റെ വിശ്വാസ്യത മനസ്സിലാക്കി മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ എന്ന് സിറ്റി ക്രൈം പോലിസ് സ്റ്റേഷന്‍ എസിപി ടി ശ്യാംലാല്‍ അറിയിച്ചു.
Discussion about this post